Asianet News MalayalamAsianet News Malayalam

പെൻഷനിലും താളംതെറ്റി ഓടി കെഎസ്ആര്‍ടിസി; 4 ആത്മഹത്യ, 2 വർഷത്തിനിടെ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികള്‍

ശമ്പളകാര്യത്തില്‍ മാത്രമല്ല, പെന്‍ഷന്‍ വിതരണത്തിലും താളംതെറ്റി ഓടുകയാണ് കെഎസ്ആര്‍ടിസി. പലമാസങ്ങളിലും പ്രതിസന്ധികളുടെ ആവര്‍ത്തനം. 1984 മുതലാണ് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ തുടങ്ങിയത്. അടുത്തകാലത്തായി വിതരണം പലകുറി മുടങ്ങി. നാല്‍പ്പത്തി മൂവായിരത്തിലധികം പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. 

The government has faced 15 contempt proceedings in two years for not paying pension to KSRTC employees
Author
First Published Aug 22, 2024, 6:09 AM IST | Last Updated Aug 22, 2024, 6:32 AM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത് രണ്ടു വര്‍ഷത്തിനിടെ 15 കോടതിയലക്ഷ്യ നടപടികള്‍. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്. സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ പലിശ ഇനത്തില്‍ മാത്രം ചെലവഴിച്ചത് മുന്നൂറ് കോടിയോളം രൂപയാണ്.

ശമ്പളകാര്യത്തില്‍ മാത്രമല്ല, പെന്‍ഷന്‍ വിതരണത്തിലും താളംതെറ്റി ഓടുകയാണ് കെഎസ്ആര്‍ടിസി. പലമാസങ്ങളിലും പ്രതിസന്ധികളുടെ ആവര്‍ത്തനം. 1984 മുതലാണ് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ തുടങ്ങിയത്. അടുത്തകാലത്തായി വിതരണം പലകുറി മുടങ്ങി. നാല്‍പ്പത്തി മൂവായിരത്തിലധികം പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. പ്രതിമാസം 72 കോടി വരെയാണ് ഈ ഇനത്തില്‍ കണ്ടത്തേണ്ടത്. 2017 ല്‍ പ്രതിസന്ധി രൂക്ഷമായതോടെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കുകളുടെ സഹായം തേടി. മാസാദ്യം നല്‍കുന്ന പെന്‍ഷന്‍ ജീവനക്കാര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും, ബാങ്കുകള്‍ക്കുള്ള തിരച്ചടവ് പലിശസഹിതം സര്‍ക്കാരും എന്ന വ്യവസ്ഥ വന്നു. പ്രതിമാസം നാലരക്കോടിയിലധികം രൂപയാണ് പലിശ നല്‍കിവന്നത്. മൂന്നുമാസം സര്‍ക്കാര്‍ തിരിച്ചടവ് മുടക്കിയതോടെ രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകളും നിര്‍ത്തി. പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായി. 

2021 ല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്കരണം വന്നെങ്കിലും പെന്‍ഷന്‍ തുക കൂട്ടിയില്ല. മാസങ്ങളായി വിതരണം മുടങ്ങുകയും ചെയ്തതോടെ ട്രാന്‍സ്പോര്‍ട് പെന്‍ഷനേഴ്സ് ഫ്രണ്ട് കോടതിയെ സമീപിച്ചു. 2022 ആഗസ്ത് അഞ്ചിന്‍റെ ഉത്തരവ് പ്രകാരം എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് പെന്‍ഷന്‍ നല്‍കണം. അതും കെഎസ്ആര്‍ടിസി അല്ല, സംസ്ഥാന സര്‍ക്കാര്‍ തന്നെ. ഈവിധി പാലിക്കപ്പെടാതെ പോയതോടെയാണ് പതിന‍ഞ്ചു തവണ സര്‍ക്കാരിന് കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നത്. ചീഫ് സെക്രട്ടറിയോ ഗതാഗത സെക്രട്ടറിയോ നേരിട്ട് ഹാജരായത് മൂന്നുതവണ. ഇപ്പോള്‍ മുടങ്ങിയത് രണ്ടുമാസത്തെ പെന്‍ഷന്‍. ഇതില്‍ ജൂലൈ മാസത്തിലെ പെന്‍ഷന്‍ രണ്ടുദിവസം കൊണ്ട് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

പുനരധിവാസം, അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങള്‍; 2 റിപ്പോർട്ടുകൾ സമർപ്പിച്ച് വിദ​ഗ്ധ സംഘം

പെൻഷൻ മുടങ്ങിയ മനോവിഷമം; തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios