'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

Published : Apr 22, 2025, 08:32 AM ISTUpdated : Apr 22, 2025, 08:35 AM IST
'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

Synopsis

കുർബാനയ്ക്ക് ശേഷം പ്രത്യേക ഇരിപ്പിടത്തിലേക്ക് പോകാതെ ചാപ്പലിന് പിൻഭാഗത്തുള്ള ബെഞ്ചിലിരുന്ന് പ്രാർത്ഥിക്കുന്ന പാപ്പയുടെ രൂപം ഡോ ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മനസിൽ മായാതെ നിൽക്കുന്നു.  തന്‍റെ അമ്മയ്ക്ക് പോപ്പ് നൽകിയ ആശിർവാദവും സ്നേഹാന്വേഷണങ്ങളും ഇന്നും ചെവിയിൽ മുഴങ്ങുന്നുവെന്ന് ബിഷപ്പ് പറയുന്നു.

കൊച്ചി: ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അദ്ദഹമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും സന്തോഷവും സമാധാനവും നൽകുന്നതായിരുന്നുവെന്ന്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ പാപ്പയക്കൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കാനായതാണ് തനിക്ക് ആത്മീയ ആനന്ദമെന്നും ആർച്ച് ബിഷപ്പ് പറയുന്നു.

2013 മാർച്ച് മാസത്തിൽ പുതിയ പോപ്പിനെ പ്രഖ്യാപിക്കുമ്പോൾ വത്തിക്കാൻ സ്ക്വയറിൽ ആകാംഷയോടെ കാത്തിരുന്നവരിൽ ഒരാൾ താനായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ ഓർത്തെടുക്കുന്നു. ബ്യൂണസ് അയേഴ്സിലെ മെത്രാപ്പൊലീത്തയായിരുന്ന ഹോർഹെ മരിയോ ബെർഗോളിയേയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരാണ് അതെന്ന് പലരും പരസ്പരം ചോദിച്ചു. അദ്ദേഹത്തെ അറിയാത്ത മെത്രാൻമാരും ഉണ്ടായിരുന്നു. സ്വതസിദ്ധമായ ശൈലിയിലൂടെയും പ്രാർത്ഥനാ ജീവിതത്തിലൂടെയും ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്‍റെ നക്ഷത്രമായി അദ്ദേഹം മാറിയത് വളരെ പെട്ടന്നായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഓർക്കുന്നു.

മൂന്ന് വർഷക്കാലം പോപ്പിനൊപ്പം ആർച്ച് ബിഷപ്പ് റോമിൽ ജോലി ചെയ്തു. പോപ്പിനൊപ്പം കുർബാന അർപ്പിക്കാനായത് അസുലഭ അവസരമാണ്. കുർബാനയ്ക്ക് ശേഷം പ്രത്യേക ഇരിപ്പിടത്തിലേക്ക് പോകാതെ ചാപ്പലിന് പിൻഭാഗത്തുള്ള ബെഞ്ചിലിരുന്ന് പ്രാർത്ഥിക്കുന്ന പാപ്പയുടെ രൂപം ഡോ ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മനസിൽ മായാതെ നിൽക്കുന്നു.  തന്‍റെ അമ്മയ്ക്ക് പോപ്പ് നൽകിയ ആശിർവാദവും സ്നേഹാന്വേഷണങ്ങളും ഇന്നും ചെവിയിൽ മുഴങ്ങുന്നുവെന്ന് ബിഷപ്പ് പറയുന്നു.

സൗകര്യങ്ങൾ നിറഞ്ഞ അപ്പസ്തോലിക അരമന ഉണ്ടായിട്ടും കാസ സാന്ത മർത്തയിലെ താമസക്കാരനായ പാപ്പ, കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ ആശങ്കാകുലനായിരുന്നു. കുടിയേറ്റക്കാരുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യാലയത്തിന്‍റെ ചുമതലക്കാരനായിരുന്നു കളത്തിപ്പറമ്പിലിനോട് കണ്ടുമുട്ടുമ്പോഴെല്ലാം ജോലിയെക്കുറിച്ചും കുടിയേറ്റക്കാരെക്കുറിച്ചും അന്വേഷിച്ചിരുന്നു. കത്തോലിക്കാ സഭയിൽ തന്‍റേതുമാത്രമായ അതിവിശുദ്ധ സ്ഥാനം ഭൂമിയിൽ ബാക്കിവച്ച് ഫ്രാൻസിസ് മാർപാപ്പ യാത്രയാകുമ്പോൾ ആ കാലഘട്ടത്തിൽ ഈ ഭൂമിയിൽ ജീവിക്കാനായതിന്‍റെ ആത്മീയ സന്തോഷത്തോടെയാണ് പോപ്പിന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ യാത്രാമംഗളം നേരുന്നത്.

മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം വിതുമ്പുകയാണ്. പോപ്പിന്‍റെ മരണ വാർത്തക്ക് പിന്നാലെ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.

Read More : മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും