
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, പെൺകുട്ടിവീണ സ്ഥലത്ത് ഫൊറൻസിക് സംഘം തെളിവ് ശേഖരിച്ചു.
കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് പത്തൊമ്പതുകാരിയെ സഹയാത്രികൻ തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല. മുത്തശ്ശിയുടെ അടുത്ത് വിവരം പറഞ്ഞാണ് ശ്രീക്കുട്ടി തിരുവനന്തപുരത്തേക്ക് വന്നത്. മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞു.