
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് സഞ്ചാരികൾ അപകടത്തിൽ പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ബ്രിഡ്ജ് നിർമ്മാണം ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്നും റിപ്പോർട്ട്. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ല. തീരത്തെ ഏത് തരം നിർമാണ പ്രവർത്തികൾക്കും കെസിഇസഡ്എംഎയുടെ (KCZMA) അനുമതി വേണം എന്നാണ് ചട്ടം. എന്നാൽ താത്കാലിക നിർമാണമായതിനാൽ അനുമതി വേണ്ടതില്ലെന്നാണ് ഡിറ്റിപിസിയും അഡ്വഞ്ചർ ടൂറിസവും നൽകുന്ന വിശദീകരണം. കയ്യൊഴിഞ്ഞ നിലപാടാണ് സർക്കാരിന്റെ ടൂറിസം ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്.
നടത്തിപ്പ് ഉത്തരവാദിത്വം കരാർ കമ്പനിക്കാണെന്ന് ടൂറിസം പ്രമോഷൻ കൗൺസിലും വ്യക്തമാക്കുന്നു. സുരക്ഷാ ചുമതല നടത്തിപ്പ് കമ്പനിക്ക് മാത്രമാണെന്ന് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലും കയ്യൊഴിയുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം.ലാജി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. വേലിയേറ്റ സമയത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കരുതായിരുന്നു എന്നും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും ലാജി പറഞ്ഞു. പൂർണ സുരക്ഷ ഉറപ്പാക്കാതെ ഇനി നടത്തിപ്പിന് അനുവദിക്കില്ലെന്നും നഗരസഭ ഉറപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam