മൈക്ക് ഓഫായി, മൂർഖനെ 'മൈക്കാ'ക്കി വാവ സുരേഷിന്റെ ക്ലാസെടുക്കൽ; വ്യാപക വിമർശനം

By Web TeamFirst Published Nov 28, 2022, 10:49 PM IST
Highlights

ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമർശനമാണ് വിദ​ഗ്ധരുടെ ഭാ​ഗത്തുനിന്നുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ചെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു. വിമർശനമുയർന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമർശനമാണ് വിദ​ഗ്ധരുടെ ഭാ​ഗത്തുനിന്നുണ്ടായത്. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർ​ഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്നും വിദ​ഗ്ധർ പറയുന്നു. 

നിയമവിരുദ്ധമായ കാര്യമാണ് വാവ സുരേഷ് ചെയ്യുന്നതെന്നും അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധ നേടിയ വ്യക്തിയാണ് ഇദ്ദേഹമെന്നും വിമർശനമുയർന്നു. മന്ത്രിമാർ അടക്കം വാവ സുരേഷിന്റെ രീതിയെ വിമർശിച്ചിരുന്നു. നിരവധി തവണ ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. ഏറെ ദിവസത്തെ ചികിത്സക്ക് ശേഷമാണ് കഴിഞ്ഞ തവണ ഇയാൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏറെ ദിവസത്തെ വിദ​ഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.  ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്. പിന്നീട് സുരക്ഷിതമല്ലാത്ത മാർ​ഗത്തിലൂ‌ടെയല്ലാതെ പാമ്പുപിടിക്കരുതെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. 

click me!