
തിരുവനന്തപുരം: വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വസ്തുതാപരമല്ലെന്നും അത്തരമൊരു പരാതി വഴിക്കടവ് സെക്ഷൻ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും കെ എസ് ഇ ബിയുടെ പ്രതികരണം.
തോട്ടിയിൽ ഘടിപ്പിച്ച വയർ വൈദ്യുതി ലൈനിൽ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന അപകടത്തിനു കാരണമായത്. വനാതിർത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടൽ ദുഷ്കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെ എസ് ഇ ബി ജീവനക്കാർക്ക് സ്വമേധയാ ഇത്തരം മോഷണങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നും കെ എസ് ഇ ബിയുടെ പ്രതികരണം.
വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ എന്നും കെ എസ് ഇ ബി വ്യക്തമാക്കി.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. അർഹമായ പാരിതോഷികം നൽകുമെന്നും കെ എസ് ഇ ബി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam