
ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ മൃതദേഹം സംസ്കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. നിരവധി പേരാണ് നേതാവിന് അന്ത്യോപചാരങ്ങൾ അർപ്പിക്കാനായി എത്തിയത്.
നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് തിരുവനന്തപുരത്തുനിന്ന് മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചത്. വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനവും ഉണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വാഴൂര്‍ സോമന്‍റെ അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം പിടിപി നഗറിൽ റവന്യൂ വകുപ്പിന്‍റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam