വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും

Published : Dec 09, 2025, 10:38 PM IST
r bindu p rajeev rajendra arlekkar

Synopsis

കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തിനിടെയാണ് കൂടിക്കാഴ്ച. നിയമനത്തിന് സർക്കാരും ഗവർണരും മുന്നോട് വെച്ചത് വ്യത്യസ്ത പേരുകളാണ്.

തിരുവനന്തപുരം: വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും നാളെ ഗവർണർ രാജേന്ദ്ര അർലേക്കർ കാണും. കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തിനിടെയാണ് കൂടിക്കാഴ്ച. നിയമനത്തിന് സർക്കാരും ഗവർണരും മുന്നോട് വെച്ചത് വ്യത്യസ്ത പേരുകളാണ്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍‌ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്‍കിയിരുന്നു. തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല. സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം.

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം