ക്ലാസെടുക്കാൻ വരരുതെന്ന് ഷംസീറിനോട് വിഡി, സതീശനെതിരെ 'പൊയിന്‍റ് ഓഫ് ഓർഡറുമായി' ജലീൽ

By Web TeamFirst Published Jun 10, 2021, 12:49 PM IST
Highlights

സഭ നിയന്ത്രിക്കാൻ എഎൻ ഷംസീറിനെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് സ്പീക്കറോട് വിഡി സതീശൻ. സ്പീക്കര്‍ പറയുന്നത് കേട്ടാൽ മതിയെന്നും പ്രകോപിതനാകരുതെന്നും എംബി രാജേഷ്

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷ നിരയും തമ്മിൽ വാഗ്വാദം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുന്നതിനിടെ ഇടപെടാൻ ശ്രമിച്ച എഎൻ ഷംസീറിന്റെ നടപടിയോടെയാണ് സഭാതലം വാക്ക് തര്‍ക്കത്തിനു വേദിയായത്. ഇടക്ക് കയറി സംസാരിക്കാൻ മുൻ മന്ത്രി കെടിജലീൽ ശ്രമിച്ചെങ്കിലും ഇപ്പോൾ മന്ത്രിയല്ലല്ലോ എന്ന മറുവാദമുയര്‍ത്തി വിഡി സതീശൻ തടഞ്ഞു. ഇതിന് എഎൻ ഷംസീര്‍ നടത്തിയ പ്രതികരണമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. 

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാൻ എഎൻ ഷംസീറിനെ ഏൽപ്പിച്ചിട്ടുണ്ടോ? എങ്ങനെ നിയമസഭയിൽ പറയണമെന്ന് ഷംസീര്‍ ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു.  എല്ലാ കമന്റുകളും ശ്രദ്ധിക്കാൻ പോകേണ്ടതില്ലെന്നും മൈക്ക് പ്രതിപക്ഷ നേതാവിനാണ് അനുവദിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ നിലപാടെടുത്തു. ചെയർ പറയുന്നത് കേട്ടാൽ മതിയെന്നും പ്രകോപിതനാകരുതെന്നും എംബി രാജേഷ് വിഡി സതീശനോട് പറഞ്ഞു. എന്നാൽ നിരന്തരം പ്രസംഗം തടസപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു വിഡി സതീശന്‍റെ മറുപടി. 

യുജിസി മാർഗ നിർദേശത്തിനു വിരുദ്ധം ആണ് ശ്രീ നാരായണ സർവകലാശാല നിയമനം. വിസി, പ്രോ വിസി, രജിസ്ട്രാര്‍ എന്നിവരെ പിരിച്ച് വിടണം. നിയമം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകൾക്കും വിദൂര പഠനത്തിന് അവസരം നൽകണം. എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളും വിഡി സതീശൻ മുന്നോട്ട് വച്ചു. ഇതിനിടക്ക് സംസാരിക്കാൻ മുൻ മന്ത്രി കെടി ജലീൽ എഴുന്നേറ്റെങ്കിലും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. ഇതും ഭരണനിരയുടെ അതൃപ്തിക്കിടയാക്കി. മന്ത്രി ആയിരുന്ന ആൾ ഇങ്ങിനെ ബഹളം ഉണ്ടാക്കാമോ എന്ന് വിഡി സതീശൻ ചോദിച്ചു.

പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ ഭരണ പക്ഷത്തു നിന്നും ആര് എഴുന്നേറ്റാലും വഴങ്ങാറുണ്ടെന്നും മുൻ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്തരത്തിൽ ഭരണ നിരക്ക് വഴങ്ങിയിരുന്നു എന്നും പറഞ്ഞ കെടി ജലീഷ പുതിയ പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകുന്നില്ലെന്ന് പരാതിപ്പെട്ടു. ഇക്കാര്യത്തിൽ നിയമസഭയിൽ കെടി ജലീൽ ക്രമ പ്രശ്നവും ഉന്നയിച്ചു. 

ശ്രീനാരായണ ഓപ്പൺ സർവകലാശാലക്ക് അംഗീകാരം ആയില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ശ്രീനാരായണ ഓപ്പൺ സർവകലാശാല ഓപ്പൺ സർവകലാ ശാല ഓർഡിനൻസിൽ ആവശ്യമെങ്കിൽ ഭേദഗതി ആലോചിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു

click me!