
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇടതുവൽക്കരണവും ബന്ധുനിയമനങ്ങളും സർവകലാശാലകളെ തകർക്കുകയാണ്. പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സർവകലാശാലകളിലെ പെൻഷൻ നിലവിലുള്ള രീതിയിൽ തുടരുമെന്നും പെൻഷൻ ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കി. സര്‍വകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷണർമാരുടെയും സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ തീരുമാനമായത്.
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ചർച്ച. സർവകലാശാലാ അദ്ധ്യാപകർക്കും ജീവനക്കാർക്കും പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ സർവ്വകലാശാലകൾ പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കാൻ ധാരണയായത്.
'കെഎസ്‍യുക്കാരനാകരുത്, പാര്‍ട്ടി സെക്രട്ടറിയാകരുത്'; സഭയില്‍ പിണറായി-സതീശന്‍ വാക്പോര്
തിരുവനന്തപുരം ലോ കോളേജ് (Government Law College, Thiruvananthapuram) സംഘര്‍ഷത്തില്‍ ആരോപണവും പ്രത്യാരോപണവുമായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും.ആരോപണങ്ങള്‍ കടുപ്പിച്ച പ്രതിപക്ഷനേതാവിനോട് പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശനും തിരിച്ചടിച്ചു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു സംഘര്‍ഷമെന്നും എസ്എഫ്ഐക്കാരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സതീശന്‍ സഭയില്‍ വിമര്‍ശിച്ചു.
എന്നാല്‍ പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണം.യൂണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പിരിഞ്ഞു പോകാതിരുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രണ്ട് സംഘടനയില്‍പ്പെട്ടവര്‍ക്കും പരിക്കുണ്ട്. ഗൌരവമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ലോ കോളജ് സംഘര്‍ഷം; മദ്യപിച്ചെത്തിയ കെഎസ്‍യു പ്രവർത്തകർ വിദ്യാർത്ഥിനികളേ ശല്യപ്പെടുത്തിയെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: തുടർച്ചയായുള്ള ദയനീയ തെരഞ്ഞെടുപ്പ് പരാജയങ്ങളേ മറയ്ക്കാൻ കെഎസ്‍യു ക്യാമ്പസുകളിൽ നടത്തിവരുന്ന പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ തയാറാകണമെന്ന് ആവശ്യമുയര്‍ത്തി എസ്എഫ്ഐ. എംജി സർവ്വകലാശാലക്ക് കീഴിലെ ക്യാമ്പസുകളിൽ കെഎസ്‍യു തകർന്നടിഞ്ഞ ദിവസം തന്നെ ബോധപൂർവ്വമായാണ് ഇത്തരം പ്രകോപനാന്തരീക്ഷം അവര്‍ ക്യാമ്പസുകളിൽ ഉണ്ടാക്കിയത്. തിരുവനന്തപുരം ലോ കോളേജിലും ഇതിന് സമാനമായ പ്രകോപനമാണ് ഉണ്ടായത്.
യൂണിയൻ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്പസിനുള്ളിൽ കയറിയ കെഎസ്‍യു പ്രവർത്തകർ വിദ്യാർത്ഥിനികളേ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. മദ്യപിച്ച് എത്തിയ കെഎസ്‍യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിനേ തുടർന്ന് സംഘടിച്ച് എത്തിയ കെഎസ്‍യു പ്രവർത്തകർ ബോധപൂർവ്വം അക്രമത്തിലേക്ക് ക്യാമ്പസിനേ കൊണ്ട് എത്തിക്കുകയായിരുന്നു.
ലോ കോളേജിൽ ഉണ്ടായ അക്രമത്തേ എസ്എഫ്ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. അക്രമത്തിലൂടെ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും വളരാൻ സാധിക്കില്ല. ക്യാമ്പസുകളിൽ അക്രമത്തിന് നേതൃത്വം നൽകിയതിന്‍റെ ഭാഗമായി തന്നെയാണ് കെഎസ്‍യുവിന് ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ദയനീയ സ്ഥിതി ഉണ്ടായതെന്നും എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.