
കൊച്ചി: കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ കുറ്റാരോപിതനായ വിധികര്‍ത്താവ് പിഎൻ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അൽപ്പത്തരമാണെന്നും ഇപി ജയരാജന്റെ കുടുംബത്തിന് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും പറഞ്ഞു.
എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിധികർത്താക്കളെ എസ്എഫ്ഐക്കാര്‍ മുറിയിൽ കൊണ്ടുപോയി മര്‍ധിച്ചു. സിദ്ധാർത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. മര്‍ദ്ദനത്തിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണം. സംസ്ഥാനത്ത് രക്ഷകർത്താക്കളുടെ ഭീതി വർധിച്ചിരിക്കുകയാണ്. പലർക്കും കുട്ടികളെ കോളേജിൽ അയക്കാൻ പേടിയാണ്. എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നരേന്ദ്രമോദി ചെയ്തതിനേക്കാൾ വലിയ അൽപ്പത്തരമാണ് കെ റൈസിൽ ഇൽ പിണറായി വിജയൻ ചെയ്യുന്നത്. പത്ത് കിലോ സാധാരണ രീതിയിൽ കൊടുക്കേണ്ടതിന് പകരം നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യം പരിമിതപ്പെടുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇപി ജയരാജന്റെ കുടുംബത്തിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎയുടെ കേരളത്തിലെ നോൺ പ്ലേയിങ് ക്യാപ്റ്റനാണ് പിണറായി വിജയൻ. ഇപി ജയരാജൻ എൻഡിഎയുടെ ക്യാപ്റ്റനെ പോലെയാണ് പെരുമാറുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപി കേരളത്തിലെ കോൺഗ്രസിനെ ചൊറിയാൻ വരണ്ട. കോൺഗ്രസിൽ നിന്നുള്ള ആളുകളെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സിപിഎം അജണ്ട. സാബു ജേക്കബിന് സിപിഎം മറുപടി പറഞ്ഞോ? നീ ആരാടാ എന്ന് ചോദിക്കാൻ ആരുമുണ്ടായില്ലല്ലോ? സിപിഎമ്മുകാര്‍ക്ക് സാബു ജേക്കബിനെ പേടിയാണോ?
ദല്ലാൾ നന്ദകുമാറാണോ സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ട ആളെന്നും അദ്ദേഹം ചോദിച്ചു. ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് പറയാൻ എംവി ഗോവിന്ദന് കഴിയുമോ? പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ ആവില്ല എന്ന് പിണറായി പറയുന്നത് കാപട്യമാണ്. പിണറായിയുടെ മനസ്സ് ബിജെപിയുടെ കൂടെയാണ്. ആദ്യം പൗരത്വം നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങൾക്കെതിരെയുള്ള
കേസുകൾ പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam