Satheesan against Minister Bindu : ഉന്നതവിദ്യാഭ്യാസമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് വിഡി സതീശൻ

By Web TeamFirst Published Dec 16, 2021, 12:03 PM IST
Highlights

കണ്ണൂ‍ർ സ‍ർവകലാശാല വിസി നിയമനത്തിൽ മന്ത്രി കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി മറുപടി പറയണം. സ‍ർവകലാശാലകളെ തന്നെ ബാധിക്കുന്ന വിഷയമാണിത്

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം പോലും അങ്ങേയറ്റം ധിക്കാരപരമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. 

മുല്ലപ്പെരിയാർ കേസിൽ (Mullaperiyar Case) സുപ്രീംകോടതിയിൽ (Supreme court) നിന്നും കേരളം പരിഹാസം നേരിട്ട സാഹചര്യം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). പെരിയാർ നിവാസികളുടെ സുരക്ഷയോ കേരളത്തിൻ്റെ ആശങ്കകളോ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ ഉന്നയിക്കപ്പെട്ടില്ലെന്നും വിഷയത്തിൽ സർക്കാർ ജനങ്ങളെ കളിപ്പിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

കൊവിഡ് ഒന്നാം തരംഗത്തിൻ്റെ മറവിൽ ചികിത്സാ- പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാ‍ർത്തകൾ ഇതേക്കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു.  ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

വിഡി സതീശൻ്റെ വാക്കുകൾ - 

മുല്ലപ്പെരിയാർ കേസിൽ  സുപ്രീംകോടതി കേരളത്തെ പരിഹസിച്ച സാഹചര്യം എന്തായിരുന്നുവെന്ന് പരിശോധിക്കണം. കേരളത്തിൻ്റെ വിഷയങ്ങൾ മേൽനോട്ട സമിതിയിൽ ഉന്നയിക്കപ്പെട്ടില്ല. ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണം.

കണ്ണൂ‍ർ സ‍ർവകലാശാല വിസി നിയമനത്തിൽ മന്ത്രി കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി മറുപടി പറയണം. സ‍ർവകലാശാലകളെ തന്നെ ബാധിക്കുന്ന വിഷയമാണിത്. ഇതേക്കുറിച്ചുള്ള മന്ത്രിയുടെ മറുപടി തന്നെ ധിക്കാരപരമാണ്. സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയത്. രാജിവച്ച് പുറത്തു പോകാൻ മന്ത്രി തയ്യാറാവണം. 

കെ-റെയിൽ പദ്ധതിയെക്കുറിച്ച് ആലോക് കുമാ‍ർ വർമ നടത്തിയ വെളിപ്പെടുത്തിൽ അതീവ ​ഗൗരവമുള്ളതാണ്. ഒരു പഠനവും നടത്താതയൊണ് സർക്കാർ കെ റെയിൽ നടപ്പക്കാൻ ഇറങ്ങിയത്. അഴിമതിക്കായി അനാവശ്യ ധൃതി കാണിക്കുകയാണ് സ‍ർക്കാർ. ഇക്കാര്യത്തിൽ അവ്യക്തത നീക്കാൻ സ‍ർക്കാർ തയ്യാറാവണം. 

കൊവിഡിൻ്റെ മറവിൽ സ‍ർക്കാർ നടത്തിയ കൊള്ളയെക്കുറിച്ച് പുറത്തു വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം.  പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചതിൻ്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്

click me!