'അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ നേതാവ്,'എംസി ജോസഫൈന്റെ നിര്യാണത്തില്‍ അനുശോചിച്ച് വിഡി സതീശനും സുധാകരനും

By Web TeamFirst Published Apr 10, 2022, 3:15 PM IST
Highlights

സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്ന സിപിഎമ്മിലെ സ്ത്രീ സാന്നിധ്യമായിരുന്നു അവരെന്നും സതീശൻ 

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്റെ  (M C Josephine) നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും. അവസാന ശ്വാസം വരെയും താന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് സതീശൻ ഓർമ്മിച്ചു. കെ.എസ്.വൈ.എഫ്  സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളില്‍ ഒരാളായിരുന്നു ജോസഫൈന്‍. സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്ന സി.പി.എമ്മിലെ സ്ത്രീ സാന്നിധ്യമായിരുന്നു അവരെന്നും സതീശൻ അനുസ്മരിച്ചു. 

കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച ജോസഫെൻ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നുവെന്ന് കെ സുധാകരനും അനുസ്മരിച്ചു. കര്‍ക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു പ്രാസംഗികയും സാമൂഹ്യപ്രവര്‍ത്തകയായിരുന്നു അവർ. ആകസ്മിക വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും സുധാകരന്‍ പറഞ്ഞു.

'സിപിഐഎമ്മിന്റെ സമുന്നത നേതാവ്'; എം സി ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി

 സിപിഐഎമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയുടെ ഇരുപത്തിമൂന്നാം കോൺഗ്രസ്സിൽ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

വിദ്യാർത്ഥി-യുവജന- മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യമുണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം  ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും  വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്. ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

M C Josephine : എം സി ജോസഫൈൻ്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും

അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചത്. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു. 

എം സി ജോസഫൈൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്


 

click me!