
തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭാ യോഗത്തിലുണ്ടായ അതൃപ്തിയിലും എതിർപ്പിലും ഒടുവിൽ സമവായം. പി എസ് സി അംഗങ്ങളുടെ നിയമനത്തിലും ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിലും ചർച്ചകൾക്കൊടുവിൽ മന്ത്രിമാർ ഒപ്പിട്ടു. തർക്കത്തിന് കാരണമായ വൃക്തികളുടെ പേരുകൾ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇവരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പിഎസ് സി പട്ടികയിൽ നാല് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവുമാണ് ഉണ്ടാകുക.
ജി ഗോപകുമാർ, രമേശ് എം തമ്പി, പ്രോ റോസമ്മ ഫിലിപ്, ആർ സനൽ കുമാർ, എന്നിവരാണ് കോൺഗ്രസ്സ് അംഗങ്ങൾ. ഷാഫി ചാലിയമാണ് ലീഗ് അംഗം. കെസി വേണുഗോപാൽ പക്ഷത്തിന് നിന്നും സനൽ കുമാറാണ് പട്ടികയിലിടം പിടിച്ചത്. അവസാന നിമിഷത്തിലാണ് സനലിനെ ഉൾപ്പെടുത്തി സമവായത്തിലേക്ക് എത്തിയത്. സുധ മേനോന്റെ പേരും കെസി പക്ഷം മുന്നോട്ട് വെച്ചിരുന്നു. നിലവിൽ സുധക്ക് മറ്റൊരു പദവി നൽകാനാണ് ധാരണ.
ഇന്ന് നടന്ന ക്യാബിനറ്റ് മീറ്റിംഗിൽ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയതോടെ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടിയതോടെ മറ്റ് മന്ത്രിമാരും സമാനമായ രീതിയിൽ മുഖ്യമന്ത്രി സ്വയം തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപണമുയർത്തി. ഇതോടെ മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടിക അംഗീകരിക്കാതെ ചർച്ച വേണമെന്നായി. ഏറ്റവുമൊടുവിൽ ഗ്രൂപ്പ് സമവായങ്ങളടക്കം പരിഗണിച്ചാണ് പട്ടിക മന്ത്രിമാർ അംഗീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam