നിഷ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും പരാതി തള്ളി. കുടിശിഖ നൽകാതെ വിസ റദ്ദാക്കി. അപ്പോഴാണ് നിഷ എം വി ഗോവിന്ദനെ ബന്ധപ്പെട്ടത്. രണ്ടര ലക്ഷം രൂപ തിരികെ കിട്ടി
ഷാർജ: അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ദുരിതത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിനിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഇടപെടലിലൂടെ കുടിശ്ശിക ലഭിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിനി നിഷ രാജനാണ് 8,000 ദിർഹവും (രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ) കോടതിച്ചെലവും തിരികെ ലഭിച്ചത്. രണ്ടു വർഷം മുമ്പ് ഷാർജയിലെ ബ്യൂട്ടി സലൂണിൽ ജോലിക്കെത്തിയ നിഷയ്ക്ക് എറണാകുളം സ്വദേശിയായ ഉടമ അഞ്ച് മാസമായി ശമ്പളം നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിഷ, ഗോവിന്ദൻ്റെ സഹായം തേടി. അദ്ദേഹം യു.എ.ഇയിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാമൂലം വിവരമറിയിക്കുകയും, തുടർന്ന് നിയമനടപടികളിലേക്ക് നീങ്ങിയതോടെ ഉടമ ഒത്തുതീർപ്പിന് തയ്യാറാവുകയുമായിരുന്നു.










