
തിരുവനന്തപുരം: എംഎൽഎമാരെ കാണാൻ കേന്ദ്ര നിരീക്ഷകരെത്തും മുൻപ് കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പമുള്ള എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ വിഡി സതീശന്‍ ക്യാമ്പിന്‍റെ നീക്കം. നിരീക്ഷകര്‍ക്കു മുന്നില്‍ ഗ്രൂപ്പ് നേതാവിന്‍റെ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്സായി സതീശന്‍റെ പേരും നിർദ്ദേശിപ്പിക്കാനാണ് ശ്രമം. എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. താൻ തന്‍റെ ജോലി ചെയ്തെന്നും ഇനി ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് വിഡി സതീശന്‍റെ പ്രതികരണം.
തലയെണ്ണിയാല്‍ അറുപത്തിമൂന്നില്‍, പത്തില്‍ താഴെ എംഎല്‍എമാര്‍ മാത്രമാണ് ഒപ്പമുളളതെന്ന തിരിച്ചറിവ് സതീശനും ഒപ്പം നില്‍ക്കുന്നവര്‍ക്കുമുണ്ട്. നിരീക്ഷകരെത്തും മുമ്പ് കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്താനാണ് ശ്രമം. വേണുഗോപാലിനും രമേശിനുമൊപ്പം നില്‍ക്കുന്ന എംഎല്‍എമാരില്‍ ചിലരെയെങ്കിലും സ്വന്തം പക്ഷത്തേക്ക് മറിക്കാനാകുമോയെന്നാണ് നോക്കുന്നത്. നിരീക്ഷകര്‍ക്കു മുന്നില്‍ വേണുവിന്‍റെയോ രമേശിന്‍റെയോ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്സ് എന്ന നിലയിലെങ്കിലും സതീശന്‍റെ പേരും പറയിക്കാനാകുമോ എന്നും ശ്രമം നടക്കുന്നുണ്ട്. നിരീക്ഷകരുമായുളള കൂടിക്കാഴ്ചയില്‍ ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യമുണ്ടായാല്‍ എംഎല്‍എമാര്‍ സ്വാധീനിക്കപ്പെടുമെന്ന വാദമാണ് വിഡി പക്ഷം ഉയര്‍ത്തുന്നത്.
നിലപാടുകളുടെ രാജകുമാരന്‍ എന്ന വിശേഷണത്തോടെ വിഡി സതീശനൊപ്പമുളള ചിത്രം പങ്കുവച്ച് നെയ്യാറ്റിന്‍കര എംഎല്‍എ എന്‍ ശക്തന്‍ പിന്തുണയാര്‍ക്കെന്ന് വ്യക്തമാക്കി. രമേശിന്‍റെ വിശ്വസ്തന്‍ ടി ജെ വിനോദും, എ ഗ്രൂപ്പിലെ കെ ബാബുവിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ദീപക് ജോയിയും ആലുവയിലെ വീട്ടിലെത്തി സതീശനെ കണ്ടു. ഇരുവരോടും സതീശന്‍ പിന്തുണയഭ്യര്‍ഥിച്ചെന്നാണ് സൂചന. എന്നാല്‍ സൗഹൃദസന്ദര്‍ശനം മാത്രമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
എംഎല്‍എമാരുടെ പിന്തുണയില്‍ പിന്നില്‍ പോയാലും പ്രവര്‍ത്തകര്‍ക്കിടയിലെ അനുകൂല വികാരം തനിക്ക് ഗുണമാകുമെന്ന ആത്മവിശ്വാസമാണ് സതീശന്‍ ഒപ്പമുളളവരുമായി പങ്കുവയ്ക്കുന്നത്. വയനാട് പളളിക്കവലയില്‍ എഴുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചു. ആലുവയില്‍ സതീശനെ കാണാനെത്തിയ പ്രവര്‍ത്തകരില്‍ ചിലരും ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കി. വൈകിട്ടോടെ പറവൂർ മണ്ഡലം ചുറ്റി വോട്ടർമാർക്കുള്ള നന്ദിപറയലും വിഡി സതീശന്‍റെ ശക്തിപ്രകടനമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam