പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റടക്കം വച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം.
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റടക്കം വച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിൽ പങ്കെടുത്തതിന്‍റെ ലക്ഷണമുണ്ടായിരുന്നില്ലെെന്നും തീവ്ര പ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകള്‍ ഉള്‍പ്പടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഉള്‍പ്പെടെ സജീവമായ വാഹനത്തിന് പിഴയിട്ടതിനാണ് അടൂര്‍ ആര്‍ടിഒയിലെ എഎംവിഐ ബിഎസ് ലൈജുവിനെ സസ്പെന്‍ഡ് ചെയ്തത്. പിഴയിട്ടതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ആറന്മുള എംഎൽഎ അബിൻ വര്‍ക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. അതേസമയം, അടൂര്‍ ആശുപത്രി ജംഗ്ഷന് സമീപമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് വാഹനംപരിശോധിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. നാലു ടയറുകളും പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ആറു അനധികൃത ലൈറ്റുകളും കണ്ടെത്തി. പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധിയും കഴിഞ്ഞു. ദുരിതാശ്വാസ സാമഗ്രികള്‍ വാഹനത്തിൽ ഉണ്ടായിരുന്നില്ല. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏര്‍പ്പെട്ടതിന്‍റെ ലക്ഷണവും കണ്ടില്ല. അമിത ലൈറ്റ് ഫിറ്റ് ചെയ്തതിന് 5000 രൂപയും പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് രണ്ടായിരം രൂപയും പിഴ ചുമത്തി. പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഉടമ ഹാജരാക്കിയാതോടെ ആ പിഴ ഒഴിവാക്കി. 2024 മാര്‍ച്ചിലും ഈ വര്‍ഷം ഏപ്രിലിലും ഈ വാഹനത്തിന് പിഴിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സസ്പെന്‍ഷനെതിരെ സമര പരിപാടികള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, പ്രളയത്തിൽ അകപ്പെട്ടവരെ മാറ്റാൻ ഉപയോഗിച്ച വാഹനമനെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് മറുപക്ഷതിന്‍റെ വാദം.



