
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ - ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. അതേസമയം, ബിജെപി വേദിയിൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
തന്റെ പഴയ സുഹൃത്താണ് വിവി രാജേഷ് എന്ന് മോദി പ്രസംഗത്തിനിടെ പറഞ്ഞു. വേദിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു. അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അതേസമയം, കേരളത്തിനുള്ള കൂടുതൽ പദ്ധതികൾ ബിജെപി വേദിയിൽ പ്രഖ്യാപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ മോദിയെ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയുമായാണ് മോദി എത്തിയത്. റോഡിനിരുവശവും നിന്ന പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൻ്റെ കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam