ടീം യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ 'പുതുയുഗ യാത്ര'ക്ക് തുടക്കം; 'വർഗീയത ആര് പറഞ്ഞാലും അത് ചോദ്യം ചെയ്യും'

Published : Feb 06, 2026, 07:19 PM ISTUpdated : Feb 06, 2026, 08:15 PM IST
vd satheesan

Synopsis

പ്രതിപക്ഷ നേതാവ് നയിക്കുന്ന 'പുതുയുഗ യാത്ര'ക്ക് തുടക്കം. തെരഞ്ഞെടുപ്പിൽ 100 ലേറെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പറഞ്ഞ സതീശൻ, സർക്കാരിന്റെ ദുർഭരണത്തെ വിമർശിക്കുന്നതിനൊപ്പം ഭാവി കേരളത്തിനായുള്ള ബദൽ പദ്ധതികളും ചർച്ച ചെയ്യുമെന്ന് വിവരിച്ചു

കാസർകോട്:  നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക കക്ഷികളുടെ പതാകകൾ കൈമാറിയായിരുന്നു ഉദ്ഘാടനം. നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യമാണ് സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഉയർത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ള അടക്കം  പിണറായി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് യാത്രയിലൂടെ യു ഡി എഫ് ലക്ഷ്യമിടുന്നത്. അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ യാത്രയിൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഘടക കക്ഷികളിൽ കൂടുതൽ കെട്ടുറപ്പുണ്ടാക്കാൻ പുതുയുഗ യാത്ര സഹായകരമാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. അണികളെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയും ലക്ഷ്യമിടുന്നു. എല്ലാ ദിവസവും വിവിധ മേഖലകളിലുള്ള സാധാരണക്കാരുമായി മുഖാമുഖവും സംഘടിപ്പിക്കുന്നുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെല്ലാം പര്യടനം നടത്തും. ഒരു മാസക്കാലം നീളുന്ന യാത്ര മാർച്ച്‌ ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പുതുയുഗ യാത്രയുടെ സമാപനം.

'ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യു ഡി എഫ്' എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. സി പി എം വർഗീയ വാദികളുടെ കൈകളിലേക്ക് തീപന്തം എറിഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞ സതീശൻ, വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വിവരിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സി പി എമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സതീശൻ ചോദിച്ചു.

പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്

യു ഡി എഫ് പുതുയുഗ യാത്ര എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ ജാഥ അവസാനിക്കും. പത്ത് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റുകളും ദുഷ്‌ചെയ്തികളും ദുര്‍ഭരണവും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷം മുന്നോട്ട് പോയത്. കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്. സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നു. നികുതി പിരിവിന് ആനുപാതികമല്ല ചെലവ്. വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണമില്ലാത്ത അവസ്ഥയാണ്. കോടികളാണ് കടമെടുക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ 6 ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് നമ്മുടെ തലയ്ക്കു മീതെ വരുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികളുടെ എണ്ണം ഇതുപോലെ തുടര്‍ന്നാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളം വൃദ്ധസദനമായി മാറും. കാര്‍ഷിക മേഖലയും തകര്‍ച്ചയിലാണ്. തീരപ്രദേശം സങ്കടത്തിലാണ്. വന്യജീവി ആക്രമണം രൂക്ഷമാകുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് പോലും നല്‍കുന്നില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എതിരായ കുറ്റപത്രം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണയായി തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ജാഥകളില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതുയുഗ യാത്ര. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം ഭാവി കേരളം എങ്ങനെയായിരിക്കുമെന്ന് പറയുന്നതിന് വേണ്ടിയാകും ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു.ഡി.എഫിന് ബദല്‍ പദ്ധതികളുണ്ട്. അത് വെറും പ്രഖ്യാപനമല്ല. വിശ്വാസ്യതയുള്ള വിദഗ്ധരുടെ സേവനം ഉപയോഗിച്ച് തയാറാക്കിയ വിഷന്‍ ഡോക്യുമെന്റ് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യു.ഡി.എഫ് നേതൃത്വം വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും കോണ്‍ക്ലേവുകളിലെയും ഉരുത്തിരിഞ്ഞ് വന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങളുണ്ട്. അതാണ് വിവിധ വകുപ്പുകളില്‍ നടപ്പാക്കാന്‍ പോകുന്നത്. കേരളം ഇതുവരെ കാണാത്ത, കേരളത്തിന്റെ പ്രത്യേകതകളെയും സവിശേഷതകളെയും സ്വീകരിച്ചു കൊണ്ട് നടപ്പാക്കാന്‍ പോകുന്ന സ്വപ്‌നതുല്യമായ പദ്ധതികളുടെ പ്രഖ്യാപനം പലഘട്ടങ്ങളിലായി ജാഥ തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പുണ്ടാകും. ജാഥയുടെ 75 ശതമാനം സമയവും ഭാവി കേരളം എങ്ങനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ്. അടിസ്ഥാനപരമായ മാറ്റം എല്ലാ രംഗങ്ങളിലും ഉണ്ടാകും. തൊഴിലവസങ്ങളും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകും. ആരോഗ്യ - വിദ്യാഭ്യാസ കാര്യങ്ങളില്‍ വിദേശത്ത് നിന്നും പോലും ആളുകള്‍ വരുന്ന ഡെസ്റ്റിനേഷന്‍ പോയിന്റാക്കി കേരളത്തെ മാറ്റുന്നതിനുള്ള സമഗ്ര പദ്ധതികളുണ്ട്.

മതേതരത്വത്തിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനേക്കാള്‍ യു.ഡി.എഫിന്റെ ആദ്യ പരിഗണന വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ചു മൂടുക എന്നതാണ്. കേരള മനസാക്ഷിയെ വിശ്വാസത്തിലെടുത്ത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടവും ജാഥയുടെ പ്രചരണ വിഷയമാകും. ശബരിമലയിലെ കൊള്ള ഉള്‍പ്പെടെ സര്‍ക്കാരിന്റെ അഴിമതികളും ചര്‍ച്ചയാക്കും. പുതുയുഗ യാത്ര എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു യുഗത്തിന്റെ അവസാനമെന്നാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനമായെന്നാണ്. പുതിയൊരു യുഗം കേരളത്തില്‍ ആരംഭിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വരാനിരിക്കുന്ന തലമുറയ്ക്കും വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ കൃത്യമായ പദ്ധതികളുമായി എല്ലാ രംഗങ്ങളിലും അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ ലോക രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന, കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന, കോഴ്‌സുകള്‍ തേടി വിദേശത്തേക്ക് പേകേണ്ട അവസ്ഥയില്ലാത്ത പ്രോഗ്രാമുകള്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കാനാകും. സംരംഭകര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്ന ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിക്കും. ഓരോ ജില്ലകളിലെയും ജനകീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ആശയവിനിമയം നടത്തും. പൗരപ്രമുഖരെയല്ല, സങ്കടങ്ങളും പ്രയാസങ്ങളും കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരെ പ്രതിനിധീകരിച്ച് വരുന്നവരുമായാണ് യു.ഡി.എഫ് സംഘം കൂടിക്കാഴ്ച നടത്തുന്നത്. അവരുടെ സങ്കടങ്ങള്‍ കേട്ട് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. പുതുയുഗ യാത്ര കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ യുഗപിറവിക്ക് തുടക്കം കുറിക്കും.

അപ്പുറത്ത് നില്‍ക്കുന്ന ഒരു കക്ഷികളെയും യു.ഡി.എഫ് വിളിച്ചിട്ടില്ല. അവരൊക്കെ എത്തി നില്‍ക്കുന്ന അവസ്ഥയെ കുറിച്ച് സ്വയം ചിന്തിച്ചാല്‍ മതി. ഒരുപാട് മാറ്റങ്ങള്‍ യു.ഡി.എഫിലുണ്ടാകും. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ കോണ്‍ഫിഡറേഷന്‍ മാത്രമല്ല യു.ഡി.എഫ്. 2005 മുതല്‍ വിട്ടുപിരിഞ്ഞ സാമൂഹിക ഘടകങ്ങളും വ്യക്തികളും ഇഫ്‌ളുവന്‍സേഴ്‌സും ഇടതുപക്ഷ സഹയാത്രികരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം എല്ലാക്കാലവും നിന്നിട്ടുള്ളവരും ഉള്‍പ്പെടെ വിശാലമായ ഫ്‌ളാറ്റ്‌ഫോമാകും യു.ഡി.എഫ്. 2021 നേക്കാള്‍ വലിയ വിജയം 2026-ല്‍ യു.ഡി.എഫിനുണ്ടാകും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ജാഥാഅംഗങ്ങളായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്, എം.പിമാരായ ബെന്നി ബഹ്നാന്‍, എന്‍.കെ പ്രേമചന്ദ്രന്‍, വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എമാരായ പി.കെ ബഷീര്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ നേതാക്കളായ ഷാനി മോള്‍ ഉസ്മാന്‍, രാജന്‍ ബാബു എന്നിരുണ്ടാകും.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശിന്റെ ഫോട്ടോ ഉണ്ടെന്നതു മാത്രമാണല്ലോ പ്രശ്‌നം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്. ആര്‍ക്കെങ്കിലും ഒപ്പം ഫോട്ടോ എടുത്തതിന് ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. അതില്‍ ഒരു വിരോധവുമില്ല. സി.പി.എം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടൂര്‍ പ്രകാശാണോ സ്വര്‍ണം കവര്‍ന്നത്? 2019-ല്‍ സി.പി.എം കേരളം ഭരിക്കുമ്പോള്‍ അവര്‍ നിയമിച്ച ദേവസ്വം ബോര്‍ഡ് ദേവസ്വം മന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണക്കവര്‍ച്ച നടത്തിയത്. അറിയപ്പെടുന്ന സി.പി.എം നേതാക്കളാണ് ജയിലില്‍ പോയതും. 2019-ലെ മോഷണം പുറത്തറിഞ്ഞില്ലെന്നു വ്യക്തമായപ്പോള്‍ 2024-ല്‍ വീണ്ടും മോഷണത്തിന് ശ്രമിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ചതും കോടതിയാണ്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്തെ ദേവസ്വം ബോര്‍ഡുകളാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നു വ്യക്തമാണ്. എന്തെങ്കിലും തെളിവ് ശേഖരിക്കണമെങ്കില്‍ ആരെ വേണമെങ്കിലും വിളിക്കട്ടെ. എന്നെ വിളിച്ചാല്‍ ഞാനും പോകും. ചര്‍ച്ചയല്ല വേണ്ടത്. ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. നേരത്തെ തിരുവഞ്ചൂര്‍ നോട്ടീസ് നല്‍കിയപ്പോള്‍ കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. ഇപ്പോള്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ ഗൗരവത്തോടെ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാ പ്രതികളും പുറത്തിറങ്ങുകയാണ്. വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ച പ്രതികളാണ് കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. തൊണ്ടി മുതല്‍ കണ്ടെത്തുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് തെളിവില്ലാതെ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന ഉത്കണ്ഠ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ട്. അതേ ഉത്കണ്ഠയാണ് പ്രതിപക്ഷം സമരത്തിലൂടെ പ്രതിഫലിപ്പിച്ചത്. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും സമ്മര്‍ദ്ദം എസ്.ഐ.ടിക്ക് മേലുണ്ട്. അന്വേഷണത്തില്‍ കുറവുകളുണ്ടെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ പ്രതികളും പുറത്തിറങ്ങുന്നതില്‍ ഉത്കണ്ഠയുണ്ട്. പത്മകുമാര്‍ രേഖ തിരുത്തിയതിന്റെ ഫോറന്‍സിക് പരിശോധന പോലും കഴിഞ്ഞ ദിവസമാണ് നടത്തിയത്. തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ച് പറയാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. 90 ദിവസമായിട്ടും പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിച്ചില്ലെന്നത് ഗൗരവമുള്ളതാണ്. അകത്ത് കിടക്കുന്ന സി.പി.എമ്മുകാര്‍ പുറത്തിറങ്ങാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ്. കോടതി ചോദിച്ചപ്പോള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിലെ ഒരു അംഗത്തെ അറസ്റ്റു ചെയ്തത്. മറ്റൊരാളെ ആരാണ് സംരക്ഷിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണത്തില്‍ മന്ദതയുണ്ടായെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു.

പെരിയ കൊലക്കേസില്‍ മാത്രമല്ല, പൊലീസിനെ കൊല്ലാന്‍ ശ്രമിച്ച് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ആളിന് ഒരു മാസത്തിനുള്ളില്‍ പരോള്‍ നല്‍കി. ടി.പി കേസിലെ കൊലയാളികള്‍ക്ക് ആയിരത്തില്‍ അധികം ദിവസം പരോള്‍ നല്‍കി. സി.പി.എം ക്രിമിനലുകള്‍ക്കെല്ലാം നിയമവിരുദ്ധമായി പരോള്‍ നല്‍കുകയാണ്. ടി.പി കേസിലെ പ്രതികള്‍ വരെ ഡി.ഐ.ജിക്ക് കൈക്കൂലി നല്‍കി പരോള്‍ വാങ്ങുകയാണ്. ജയിലില്‍ കിടക്കുന്നവരുടെ കൈകളിലേക്ക് എങ്ങനെയാണ് ഇത്രയും പണം എത്തിയത്? ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ച് കൊടുക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ക്രിമിനലുകളെ പുറത്തിറക്കുന്നത് വലിയ അപകടമുണ്ടാക്കും. രക്തസാക്ഷി ഫണ്ടിലും സി.പി.എം തട്ടിപ്പ് നടത്തുകയാണ്. ധനരാജിന്റെയും അഭിമന്യുവിന്റെയും തിരുവനന്തപുരത്ത് വിഷ്ണുവിന്റെയും പേരുകളിലുള്ള രക്തസാക്ഷി ഫണ്ടുകള്‍ തട്ടിയെടുത്തു. വിഷ്ണുവിന്റെ കുടുംബം ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷികളുടെ പേരില്‍ പണം അടിച്ചു മാറ്റിയ ആള്‍ക്കെതിരെ ആദ്യം നടപടി എടുത്തു. പിന്നീട് മന്ത്രി മുന്‍കൈ എടുത്ത് അയാള്‍ക്ക് ട്രിപ്പില്‍ പ്രമോഷന്‍ നല്‍കി സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാക്കി. ഈ ആരോപണം ഉന്നയിച്ചാണ് വിഷ്ണുവിന്റെ കുടുംബം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റുന്ന നിലയിലേക്ക് സി.പി.എം തരംതാഴണോ? ഇതേ സംഭവമാണ് പയ്യന്നൂരില്‍ ഉണ്ടായത്. തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ പരോളില്‍ ഇറങ്ങിയ പ്രതി ഉള്‍പ്പെടെയുള്ളവര്‍ പ്രകടനം നടത്തുകയാണ്. എന്തും നടക്കുന്ന സ്ഥിതിയിലേക്ക് കേരളം പോകുന്നത് അനുവദിക്കില്ല. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാത്തവരാണ് രക്തസാക്ഷി ഫണ്ട് നേതാക്കള്‍ കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുത്തത്. ഇതാണ് ഇന്നത്തെ സി.പി.എം. ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം? അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവരാണ് തട്ടിപ്പ് ചൂണ്ടിക്കാട്ടിയ കുഞ്ഞികൃഷ്ണനോട് കടക്ക് പുറത്തെന്ന് പറഞ്ഞത്.

സമുദായ സംഘടന നേതാക്കള്‍ പ്രതിപക്ഷത്തിന് എതിരെയല്ല, എനിക്കെതിരെയാണ് പറഞ്ഞത്. യു.ഡി.എഫിന് എതിരെ പറഞ്ഞിട്ടില്ല. അവര്‍ക്ക് എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാകും പറഞ്ഞത്. വിമര്‍ശിച്ചവര്‍ക്കെതിരെ ഞാന്‍ മോശമായൊന്നും പറഞ്ഞില്ല. അവരെല്ലാം പ്രായമുള്ളവരും വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നുമാണ് പറഞ്ഞത്. പക്ഷെ ആര് വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന അസഹിഷ്ണുത കാട്ടാന്‍ പാടില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തും. സ്ഥാനര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലാണ്. ജയസാധ്യത ഉള്‍പ്പെടെ പരിഗണിക്കും.

ഇന്ത്യരാഷ്ട്രീയ സാഹചര്യത്തില്‍ മതരാഷ്ട്ര വാദം എന്ന നിലപാട് ഇല്ലെന്ന് ജമാഅത്ത് ഇസ്ലാമി അമീര്‍ വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്. ഈ വാദം ഉണ്ടായിരുന്ന നാല് പതിറ്റാണ്ട് കാലവും അവര്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും ഒപ്പമായിരുന്നു. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മതേതര വാദികളും പുറത്ത് പോയാല്‍ വര്‍ഗീയവാദികളും എന്ന നിലപാട് അംഗീകരിക്കാനാകില്ല. പിണറായി വിജയന്‍ പണ്ട് അവരെ സ്വീകരിച്ച വാക്കുകളോ ദേശാഭിമാനി എഡിറ്റോറിയലോ ഞാന്‍ പറയുന്നില്ല,. ഞങ്ങളെ പിന്തുണച്ചപ്പോഴാണ് കുഴപ്പമായത്. കേരള സമൂഹത്തെ വിഭജിക്കാന്‍ ബോധപൂര്‍വം ഉണ്ടാക്കുന്ന നറേറ്റീവാണിത്. മുസ്ലീംലീഗ് ജനാധിപത്യ മതേതരത്വ പാര്‍ട്ടിയാണെന്ന് എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ കുഴപ്പമാണ്. ലീഗ് ദുര്‍ബലമായാല്‍ തീവ്രപക്ഷ നിലപാടുള്ളവര്‍ ശക്തമാകും. അതുകൊണ്ടാണ് ലീഗിനെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത്. എസ്.ഐ.ആര്‍ സംബന്ധിച്ച പരാതികള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ല. അര്‍ഹതയുള്ള വോട്ടര്‍മാര്‍ പുറത്താകാന്‍ പാടില്ല.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ തീരുമാനിക്കേണ്ട. യു.ഡി.എഫ് വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന് നേതൃത്വം തീരുമാനിക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. എല്ലാ നേതാക്കളുടെയും ലക്ഷ്യം തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഫിനെ നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ എത്തിക്കുക എന്നതാണ്. കേരളത്തെ മാറ്റിയെടുക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുന്ന ആദ്യ മുന്നണിയെന്ന ഖ്യാതികൂടി നേടിക്കൊണ്ടായിരിക്കും ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നത്. യു.ഡി.എഫിന് കേരളത്തിന്റെ വികസനം സംബന്ധിച്ച് കൃത്യമായ പദ്ധതികളുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി
കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ; കേരളത്തിലെ പ്രവർത്തകരെ മാതൃകയാക്കണമെന്ന് പുകഴ്ത്തൽ, 'നിരവധി പദ്ധതികൾ നൽകി'