
തിരുവനന്തപുരം: 10 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ യു ഡി എഫ് സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകളും അന്തിമ ധാരണയിലെത്തിയെന്ന് വിവരം. ചില മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിനെല്ലാം പരിഹാരായെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ വമ്പൻ സർപ്രൈസുകളായി കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷിന്‍റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നീ പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് വിവരം. ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിരുന്നു. അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തിയിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പും തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കയ്യാളും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിർന്ന നേതാവായ കെ മുരളീധരന് ആരോഗ്യ വകുപ്പ് കിട്ടിയേക്കും. എ പി അനിൽകുമാറിന് ടൂറിസം വകുപ്പ് കിട്ടും , ചിലപ്പോൾ എക്സൈസ് കൂടി നൽകിയേക്കും. പി സി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ് നൽകും. വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാൻ സാധ്യത. കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകൾ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam