
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദം കുത്തിപ്പൊക്കുന്നത് സിപിഎം ആണ്. ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കോൺഗ്രസ് നേതാക്കൾ ആരും സിപിഎമ്മിന്റെ ആ കെണിയിൽ വീഴരുതെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.
ശബരിമല സ്വർണ്ണക്കൊള്ളയാണ് തെരഞ്ഞെടുപ്പ് വിഷയം. സ്വർണ്ണക്കൊള്ളക്ക് പിന്നിൽ സിപിഎം ഗൂഢാലോചനയാണ്. കൊള്ളയുടെ വിവരം കടകംപള്ളിക്ക് അറിയാം. പോറ്റിയെ കടകംപള്ളിയാണ് എത്തിച്ചത്. യുഡിഎഫ് തെളിവ് ഹാജരാക്കാൻ തയ്യാറെടുക്കുകയാണ്. ഹൈക്കോടതി നിയോഗിച്ച എസ്ഐടി തന്ത്രിയുടെ പങ്കടക്കം അന്വേഷിക്കട്ടെ. ആർക്കും അതിൽ ഒരു തർക്കവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നു.
നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി ലഭിച്ചിരുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്. വനിതകളെ ഉള്‍പ്പെടുത്തി വിഷയം അന്വേഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ആവശ്യപ്പെടുന്നത്. പാര്‍ട്ടിതലത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് തന്നെ പാര്‍ട്ടിക്ക് പരാതി നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam