
വയനാട്: വിമർശനങ്ങൾക്കിടയിലും സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ. 100% എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ബി.എൽ.ഒമാരെയും അവരുടെ സൂപ്പർവൈസർമാരെയും നാളെ വൈകിട്ട് ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ചു. ഇവരുടെ നേട്ടങ്ങൾ അഭിമാനകരമെന്നും, ഇവരുടെ വിശേഷങ്ങളറിയാനും പ്രചോദനാത്മകമായ കഥകൾ കേൾക്കാനുമാണ് ജില്ലാ കളക്ടർ പരിപാടി പ്രഖ്യാപിച്ചത്. ജോലി ഇനിയും പൂർത്തിയാക്കാത്ത ബിഎൽഒമാരെയും സൂപ്പർവൈസർമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.
100% SIR പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട ബി.എൽ. ഒ- മാരോടും അവരുടെ സൂപ്പർവൈസർമാരോടുമൊപ്പം നാളെ (28-11-25) ഒരു സായാഹ്നം കൂടെ … SIR എന്യുമറേഷൻ ഫോമുകളുടെ വിതരണവും വെരിഫിക്കേഷനും മുതൽ ഡിജിറ്റൈസേഷൻ വരെ മാതൃകാപരമായ തരത്തിൽ അതിവേഗം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന നിങ്ങളുടെ അതുല്യമായ സേവനങ്ങൾ ഏറെ അഭിമാനകരമാണ്… കരുത്തുറ്റ ജനാധിപത്യത്തിനായി വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ഈ പ്രയാണത്തിൽ, ഒരു വോട്ടറെയും നഷ്ടപ്പെടുത്താതെ, സമഗ്രമായ ഉൾചേർക്കലുകളിലൂടെ ഓരോ വോട്ടറെയും ചേർത്തുപിടിച്ചു കൊണ്ട് ഉത്തരവാദിത്വത്തോടെ തങ്ങളിലർപ്പിക്കപ്പെട്ട കർത്തവ്യങ്ങളെല്ലാം ഫലപ്രദമായി പൂർത്തിയാക്കിയ നിങ്ങളേവരെയും സഹൃദയം ചേർത്തു വെക്കുകയാണ് … നാളെ വൈകുന്നേരം ഇത്തിരി നേരം ഒത്തിരി വിശേഷങ്ങളുമായി നമുക്കൊന്ന് ഒത്തു കൂടിയാലോ? പ്രചോദനാത്മകമായ നിങ്ങളുടെ കഥകൾ പങ്കുവെച്ചാലോ?
ഏറെ സ്നേഹാദരങ്ങളോടെ, ക്യാമ്പ് ഓഫീസിൽ വച്ച് നടത്തുന്ന T-chat ലേക്ക്, 100% SIR പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പ്രിയപ്പെട്ട ബി.എൽ. ഒ- മാർക്കും അവരുടെ സൂപ്പർവൈസർമാർക്കും സ്വാഗതം…