ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്ന് വി ഡി സതീശൻ; തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു, നിരീക്ഷകരുമായി കൂടിക്കാഴ്ച്ച നടത്തും

Published : May 06, 2026, 07:54 PM ISTUpdated : May 06, 2026, 08:02 PM IST
vd satheesan

Synopsis

മുഖ്യമന്ത്രി ചർച്ചകളോട് പ്രതികരിച്ച് വിഡി സതീശൻ. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ.

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ. വണ്ടി നിർത്തുമ്പോൾ ഇറങ്ങുക. പറവൂരിൽ കണ്ടത് കേരളത്തിലെയും എറണാകുളത്തെയും വൻ വിജയത്തിന്റെ സന്തോഷമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയോടുള്ള ചോദ്യത്തിനാണ് വിഡി സതീശൻ്റെ പ്രതികരണം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിഡി സതീശൻ, നിരീക്ഷരുമായി കൂടിക്കാഴ്ച്ച നടത്തും.

എല്ലാവരുടെ സർവേകൾ തെറ്റിയപ്പോഴും തന്റെ സർവ്വേ ശരിയായി. സത്യപ്രതിഞ്ജയ്ക്ക് ഒരു ഷെഡ്യൂൾ ഉണ്ട്. അതിന് അനുസരിച്ചു നടക്കുമെന്നും സതീശൻ പറഞ്ഞു. 

നിരീക്ഷകർ തലസ്ഥാനത്ത്

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു. ആരൊയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുൻഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി. പിന്നാലെ ഇന്ദിരാഭവനിൽ എത്തിയ നിരീക്ഷകർ, മുൻ മുഖ്യമന്ത്രി എ കെ ആൻറണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവർക്കൊപ്പം കേരളത്തിൻറെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉണ്ടായിരുന്നു. നിരീക്ഷകർ നാളെ മുതൽ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. നാളെ രാവിലെ പത്തരക്ക് കെ പി സി സി ആസ്ഥാനത്താകും കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം. ഈ യോഗത്തിന് പുറമെ എം എൽ എമാരെ നിരീക്ഷകർ ഒറ്റക്കൊറ്റയ്ക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം പിമാരുടെയും മുതിർന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക. ഘടകകക്ഷി നേതാക്കളുടെ നിലപാട് കൂടി തേടുമെന്നും സൂചനയുണ്ട്.

എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണണം, ദീപാദാസ് മുൻഷി പാടില്ല

അതേസമയം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള നേതാക്കളുടെ അണിയറ നീക്കങ്ങൾ ശക്തമാണ്. ഫ്ലക്സുകൾ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ അനുകൂല തരം​ഗമുണ്ടാക്കാനും നേതാക്കന്മാരുടെ ക്യാമ്പുകൾ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലെത്തുന്ന നിരീക്ഷകർ എം എൽ എമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി വി ഡി സതീശൻ പക്ഷം രം​ഗത്ത് എത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ദീപാദാസ് മുൻഷി പാടില്ലെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാളെ രാവിലെ പത്തരയ്ക്ക് നിർണായക യോ​ഗം ചേരാനിരിക്കെ അതിശക്തമായ നീക്കം മൂന്ന് ചേരിയിലും നടക്കുകയാണ്. 63 എം എൽ എമാർ ഒരുമിച്ച് പങ്കെടുക്കും. അതിനപ്പുറത്തേക്ക് എം എൽ എമാരെ ഒറ്റയ്ക്കൊറ്റക്കായി എ ഐ സി സി നീരിക്ഷകർ കാണണമെന്ന നിർദ്ദേശം, സതീശൻ പക്ഷം മുന്നോട്ട് വെക്കുന്നതിന് പിന്നിൽ ഒരു സ്ട്രാജറ്റി നീക്കമുണ്ടെന്നാണ് അനുമാനിക്കുന്നത്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണു​ഗോപാൽ പക്ഷം വാദിക്കുന്നത്. കൂട്ടമായി ചേദിച്ചാൽ എം എൽ എമാർ കെ സിക്ക് അനുകൂലമായാകും പ്രതികരിക്കുകയെന്ന നീക്കം തടയാനാണ് ഒറ്റയ്ക്കൊറ്റക്ക് എന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. ഒറ്റക്കൊറ്റാക്കായി എം എൽ എമാരെ നിരീക്ഷകർ കാണുമ്പോൾ കൂട്ടമായി കെ സിയെ പിന്തുണച്ചിരുന്ന പലരും സതീശൻറെ പേര് പറഞ്ഞേക്കാം എന്നാണ് സതീശൻ ക്യാമ്പ് കരുതുന്നത്. അങ്ങിനെ നോക്കുമ്പോൾ സതീശനെ പിന്തുണയ്ക്കുന്ന എം എൽ എമാരുടെ എണ്ണം 30 വരെ എത്തിയേക്കാമെന്നാണ് പ്രതീക്ഷ. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ പങ്കെടുപ്പിക്കരുത് എന്ന നിർദേശവും വി ഡി സതീശൻ പക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. സാഹചര്യം കെ സി വേണുഗോപാലിന് അനുകൂലമാക്കാനുള്ള നീക്കം ദീപാദാസ് മുൻഷി നടത്തുമെന്ന ആരോപണം വി ഡി സതീശൻ പക്ഷത്തിനുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി? നിരീക്ഷകർ തലസ്ഥാനത്തെത്തി, ആദ്യ കൂടിക്കാഴ്ച എകെ ആന്‍റണിയുമായി; നാളെ നിയമസഭ കക്ഷിയോഗം, ഒറ്റയ്ക്കൊറ്റക്ക് എംഎൽഎമാരുടെ അഭിപ്രായം തേടും
പറവൂർ മൂകാംബിക ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട തീരുമാനം: നടപടികൾ തത്കാലം നിർത്തിവെക്കാൻ ഇടപെട്ട് ഹൈക്കോടതി