
കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വിഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും പിണറായി വിജയന്‍റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ വലിയ എതിര്‍പ്പാണെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ലെന്നും ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.
കേരളത്തിലുണ്ടായത് മനുഷ്യ നിര്‍മിത പ്രളയമാണെന്ന് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവിട്ടുകൊണ്ടുള്ള മാത്യു കുഴൽനാടന്‍റെ ആരോപണത്തോടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മാത്യു കുഴൽനാടൻ ഉയര്‍ത്തിയത് ഗുരുതരമായ ആരോപണമാണെന്നും ഗൗരവമായി അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. ഒരേ പാർട്ടിയിലെ മുൻ മന്ത്രിക്കെതിരെയാണ് അതേ പാർട്ടിയിലെ മന്ത്രി ആരോപണം ഉന്നയിക്കുന്നത്. മാത്യു ടി ഇപ്പോ മന്ത്രിയല്ലെങ്കിലും അദ്ദേഹത്തിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ ഇഞ്ചോടിച്ച് മത്സരം പ്രവച്ചിക്കുന്നത് തട്ടിക്കൂട് സര്‍വേക്കാരും പെയ്ഡ് സര്‍വേക്കാരുമാണെന്നും ജനങ്ങളുടെ സര്‍വേയാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു.
കെ സുധാകരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്നും പിണറായിയുടെ പൊലീസ് അക്കാര്യം അന്വേഷിക്കട്ടെയെന്നും വിഡി സതീശൻ ഫറഞ്ഞു. താനും കെപിസിസി പ്രസിഡന്‍റും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സുധാകരനെ പോലെ ഒരാളുടെ അടുത്ത് പോയി കുത്തിക്കുത്തി ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകർ നടത്തുന്നത് ഹീനവും മനുഷ്യത്വരഹിതവുമായ മാധ്യമ പ്രവർത്തനമാണ്. വയനാട്ടിൽ പിണറായി ഉദ്ഘാടനം ചെയ്ത വീട്ടിൽ ആളുകള്‍ താമസിക്കുന്നുണ്ടോയെന്ന് ചോദിച്ച വിഡി സതീശൻ, ലീഗ് നൽകിയ വീടുകളിൽ ആളുകള്‍ താമസിക്കുന്നുണ്ടെന്നും പറഞ്ഞു. സിപിഎം രക്തസാക്ഷി ഫണ്ട് മുക്കി. അഭിമന്യു ഫണ്ടും തട്ടിയെടുത്തു. രക്തസാക്ഷി ഫണ്ട് തട്ടിച്ചവരാണ് ശവംതീനികള്‍. അത് മറച്ചുവെക്കാനാണ് വയനാട് ഫണ്ട് വിവാദമാക്കുന്നത്. പിഡിപിയുടെയും എസ്‍ഡിപിഐയുടെയും അടക്കം സകല വര്‍ഗീയ വാദികളുടെയും കൂടെയാണ് ഇടതുമുന്നണി. യെമണ്ടൻ നുണകളാണ് മുഖ്യമന്ത്രി പറയുന്നത്. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഇന്ന് മുഖ്യമന്ത്രി അതാണ് കാണിക്കുന്നത്. അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്ക് പിണറായി വിജയൻ കുട പിടിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്‍റെ പേരിൽ നടന്നത് കൊള്ളയാണെന്നും വിഡി സതീശൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam