
കോഴിക്കോട്: കെപിസിസി പുനഃസംഘടന (KPCC) വിഷയത്തിൽ കൂടിയാലോചിച്ച് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. എല്ലാവരും ഒരു മാറ്റം ആണ് ആഗ്രഹിക്കുന്നത്. ഇതിൽ വിവാദത്തിന് സാധ്യതയില്ല. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ (K Sudhakaran) കുറിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കോഴിക്കോട് കോൺഗ്രസുകാർ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ റിപ്പോർട്ട് ഇന്ന് കിട്ടും. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകും.
അക്രമത്തെ അംഗീകരിക്കുന്ന നിലപാട് അല്ല കോൺഗ്രസ്സിന്റേത് എന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സർക്കാർ നോക്കിനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിപണിയിൽ സർക്കാർ ഇടപെടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ട്. ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായിക്ക് മോദിയുടെ രീതി, സിൽവർ ലൈനുമായി മുന്നോട്ട് പോകാൻ എങ്ങനെ ധൈര്യം വരുന്നു?
സർക്കാരിനെതിരായ വിമർശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു. എതിർക്കുന്നവരെ മോദി രാജ്യദ്രോഹിയെന്നും പിണറായി ദേശദ്രോഹിയെന്നും മുദ്ര കുത്തുന്നു. അത് തങ്ങളോട് വേണ്ട. സിൽവർ ലൈനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് എങ്ങിനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. പദ്ധതിയ്ക്ക് വേണ്ട 1.30 ലക്ഷം കോടി ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്നും വി ഡി സതീശൻ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്ക് 124000 കോടി ചെലവാകുമെന്ന് 2018 ൽ നീതി ആയോഗ് പറഞ്ഞതാണ്. ഇപ്പോഴത് ഒന്നര ലക്ഷം കോടിയാകുമെന്നാണ് അനുമാനം. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങിനെയാണ് ഉത്തേജനം നൽകുന്നത്? സംസ്ഥാനത്ത് വിലക്കയറ്റം സർക്കാർ നോക്കിനിൽക്കുകയാണെന്നും വിപണിയിൽ ഇടപെടുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
Read Also: പുന:സംഘടന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉമ്മൻചാണ്ടി; അതൃപ്തി ഇന്ന് സോണിയയെ നേരിട്ടറിയിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam