
ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വരുമെന്ന് സതീശന്‍ പറഞ്ഞു. എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങൾ മത്സരിക്കുന്നത്. വാര്‍ഡ് ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ന്യൂനപക്ഷ വിഭജനം നടത്താൻ ബിജെപി ശ്രമിച്ചപ്പോൾ സിപിഎം കുടപിടിച്ച് കൊടുത്തു. 1987 ലെ ബിജെപിയുടെ സാന്നിധ്യമല്ല 2025 ൽ ഉള്ളത്, അത് പിണറായി മറന്നു പോയി. ഈ രാഷ്ട്രീയ ശ്രമം സിപിഎമ്മിന്റെ അടിവേര് മാന്തുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്‍റെ അടിത്തറ ദുർബലമായി, ഇടതുപക്ഷത്തെ വിശ്വസിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ സിപിഎമ്മിൽ നിന്ന് അകന്നുകഴിഞ്ഞു, 2010ലേതിന് വിജയത്തിന് സമാനമായ വിജയം ഇത്തവണ യുഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2016ലേയും, 2021ലേയും തോൽവിയുടെ കാരണം മലാസിലാക്കി വളരെ നേരത്തെ യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
എൽഡിഎഫിന്റെ ഹിന്ദു വോട്ട് ചോരുമെന്നും സ്വർണപ്പാളി വിവാദം സർക്കാരിന് തിരിച്ചടി ആകുമെന്നും സതീശൻ പറഞ്ഞു. എല്ലാ മതവിഭാഗവും യുഡിഎഫിന് ഒപ്പമാണെന്നും സതീസന്‍ അവകാശപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ വര്‍ധന തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നും സൗജന്യങ്ങൾ നൽകി മലയാളികളെ പറ്റിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam