
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിൻ വർക്കി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പകുതിയെങ്കിലും പ്രാതിനിധ്യം വേണമെന്നായിരുന്നു ആവശ്യം. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രഖ്യാപനം പൂർത്തിയായിട്ടില്ല. പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുതെന്നും ഇനിയും നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ എൻ വാസുവാണെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും അത് അറസ്റ്റോടെ വ്യക്തമായെന്നും അബിൻ തുറന്നടിച്ചു. വാസുവിൽ നിന്ന് വാസവനിലേക്ക് അധികം ദൂരമില്ലെന്നും മന്ത്രി വിഎൻ വാസവനെ ചൂണ്ടിക്കാട്ടി അബിൻ പരിഹസിച്ചു. ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. സാധാരണക്കാർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ്, മന്ത്രി വീണ ജോർജിനെപ്പോലെ കഴിവുകെട്ട ആരോഗ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും അബിൻ വർക്കി തുറന്നടിച്ചു.