
പാലക്കാട്: ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യനാവുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തെല്ലാം കോൺക്ലേവ് ആണ് സർക്കാർ നടത്തുന്നത്. ഉള്ള ബഹുമാനം കൂടി പിണറായി വിജയൻ കളഞ്ഞു. ഇങ്ങനെ ഒരു മനുഷ്യന് കാപട്യം കാണിക്കാൻ കഴിയുമോ എന്നും ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യമായി നിൽക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കുമോ? അന്ന് എടുത്ത കേസുകൾ പിൻവലിക്കാൻ തയാറാക്കുമോ? തുടങ്ങി മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാൽ അതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഭരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചാൽ എന്താകുമായിരുന്നു സ്ഥിതി? പിണറായി വിജയൻ, യോഗി ആദിത്യനാഥ് ഇവരൊക്കെ ഒരേ ലൈനാണ്. മുഖ്യമന്ത്രി ഒരു കാഷായ വസ്ത്രം കൂടി ധരിച്ചാൽ മതിയാകും. അത് മാത്രമാണ് മാറ്റം. നല്ല കമ്മ്യൂണിസ്റ്റുകാർ നമ്മുടെ നാട്ടിലുണ്ട്. ഇത് എന്ത് തരം കമ്മ്യൂണിസമാണെന്ന് അവർ ചോദിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇസ്ലാം മത സംഗമം, ക്രിസ്ത്യൻ മത സംഗമം തുടങ്ങി ഓരോ ജാതിയുടെ പേരിലും സംഗമം നടത്തും. 2026ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പേടിയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,യുഡിഎഫ് നയ വിശദീകരണ കോൺവെൻഷനിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. രാഹുലിന്റെ കാര്യത്തിൽ എടുത്ത തീരുമാനം ആരും ഒറ്റയ്ക്ക് എടുത്തതല്ലെന്നും പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു. കൂടാതെ, രാഹുൽ വിഷയത്തിൽ സൈബർ അതിക്രമം തുടരുന്നതിനിടയിൽ വിഡി സതീശൻ സ്വന്തം ഭാഗം വിശദീകരിക്കുകയും ചെയ്തു. രാഹുൽ വിവാദത്തിനുശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് പാലക്കാട് എത്തിയത്.