
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന.. ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണം.
ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സി.പി.എം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോ? അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സമരത്തെ വര്‍ഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാരും സി.പി.എമ്മും തുടക്കം മുതല്‍ക്കെ പയറ്റിയത്. ഇതിന്റെ ഭാഗമായി സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഖ്യത്തിലേര്‍പ്പെട്ട രണ്ടു കൂട്ടരും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്.
മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. തുറമുഖ പദ്ധതി നടപ്പാക്കുമ്പോള്‍ തീരശോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത് മുന്‍കൂട്ടിക്കണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്ന് നിയമസഭയിലും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം കാലങ്ങളായി സിമന്റ് ഗോഡൗണില്‍ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങി ജനകീയ പ്രശ്‌നങ്ങളും സമര ങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വിഴിഞ്ഞം സമരത്തിന് യു.ഡി.എഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഇനിയും തുടരുമെന്നും സതീശന്‍ വ്യക്തമാക്കി..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam