'വിഡി സതീശനെ തെരഞ്ഞെടുത്തത് മാറ്റത്തിന് തുടക്കം', തീരുമാനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും മുരളീധരൻ

By Web TeamFirst Published May 22, 2021, 3:12 PM IST
Highlights

'മുൻകാലങ്ങളിൽ ആദർശത്തിന്റെ പേരിലായിരുന്നു കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ പാർട്ടിയും മുന്നണിയും അനുഭവിക്കുന്നത്.'

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച് കെ.മുരളീധരൻ എംപി. തലമുറമാറ്റം കോൺഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമാണെന്നും മുരളീധരൻ പറഞ്ഞു. എം.എൽ.എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാൻഡെടുത്ത തീരുമാനം കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യും. 

മുൻകാലങ്ങളിൽ ആദർശത്തിന്റെ പേരിലായിരുന്നു കോൺഗ്രസിൽ ഗ്രൂപ്പുണ്ടായിരുന്നത്. എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങൾ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ പാർട്ടിയും മുന്നണിയും അനുഭവിക്കുന്നത്. ഓരോ അഞ്ച് വർഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലർ ധരിച്ചിരുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി നിയമിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മൂതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും പ്രതികരിച്ചു. തലമുറമാറ്റം എന്നത് യഥാസമയം നടക്കേണ്ട പ്രക്രിയയാണെന്നും അങ്ങനെയുള്ള മാറ്റത്തിലൂടെയാണ് ഞാനുൾപ്പെടെയുള്ള ഇന്നത്തെ നേതാക്കൾ വളർന്നതെന്നും രവി ഓർമ്മിപ്പിച്ചു. കാര്യങ്ങൾ നന്നയി പഠിച്ചു സഭയിൽ അവതരിപ്പിക്കുവാനുള്ള സതീശന്റെ കഴിവ് വളരെ പ്രശംസനീയമാണെന്നും വയലാർ രവി പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷത്തിന് നേതൃത്വം നൽകാൻ സതീശന് കഴിയുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനമാണ്. പാർട്ടിയിലെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

click me!