
കൊച്ചി: ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ പോയ റാപ്പർ വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. വേടന്റെ ലൊക്കേഷൻ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും വേടൻ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
അതേ സമയം, ബലാത്സംഗക്കേസിൽ റാപ്പർ വേടൻ ഒളിവിൽ പോയതിനെത്തുടർന്ന് കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചിരിക്കുകയാണ്. കൊച്ചി ബോൾഗാട്ടി പാലസിൽ ശനിയാഴ്ച നടത്താനിരുന്ന ഓളം ലൈവാണ് മാറ്റിവച്ചത്. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് തീരുമാനം.
ഫെജോയും ഗബ്രിയും അടക്കം മറ്റു റാപ്പർമാർ ഉണ്ടായിരുന്നെങ്കിലും വേടനായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിലെ പരിപാടിയുടെ പ്രധാന ആകർഷണം. ആഴ്ചകൾക്ക് മുൻപേ ടിക്കറ്റ് ബുക്കിങും തുടങ്ങി. അതിനിടെയാണ് വേടനെതിരെ യുവഡോക്ടറുടെ പീഡന പരാതി വരുന്നതും ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതും. എന്നിട്ടും പരിപാടിയുമായി സംഘാടകർ മുന്നോട്ടുപോയി. പരിപാടി നടക്കുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് നടക്കുമെന്ന് തന്നെയായിരുന്നു മറുപടി.
മുൻകൂർജാമ്യം ലഭിക്കുമെന്ന വേടന്‍റെ ആത്മവിശ്വാസമായിരുന്നു പിന്നിൽ. പക്ഷേ കോടതി മുൻകൂർ ജാമ്യം നൽകിയില്ല. അറസ്റ്റ് ചെയ്യരുതെന്ന നിർദേശവും ഉണ്ടായില്ല. ഇതോടെ വേടൻ ഒളിവിൽ പോയി. കൊച്ചിയിലെ പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു. അങ്ങനെയാണ് ഓളം ലൈവ് മാറ്റിവെക്കാനുള്ള സംഘാടകരുടെ തീരുമാനം.
മറ്റൊരു ദിവസം പരിപാടി നടക്കുമെന്നാണ് സംഘാടകരുടെ പ്രഖ്യാപനം. ബുക്ക് ചെയ്ത ടിക്കറ്റുകൾ അന്ന് ഉപയോഗിക്കാം. പക്ഷേ പരിപാടി എന്ന് നടക്കുമെന്ന് പറയാനാകില്ല. ടിക്കറ്റ് തുക തിരികെ വേണ്ടവർക്ക് നൽകാമെന്നും സംഘാടകർ പറയുന്നു. ഒളിവിൽ പോയ വേടനായുള്ള അന്വേഷണം തുടരുകയാണ് ഇൻഫോപാർക്ക് പൊലീസ് അറിയിച്ചു.