
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.
ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി. വീയപുരം - 4:21.084, നടുഭാഗം - 4.21.782, മേൽപ്പാടം - 4.21.933, നിരണം - 4:22.035 എന്നിങ്ങനെയാണ് ഫിനിഷിങ് പോയിന്റിൽ എത്തിച്ചേരാനെടുത്ത സമയം.
മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam