
തിരുവനന്തപുരം : കേരളത്തിലെ ഇടത് സർക്കാറിന്റെ വ്യവസായ നയത്തെയും മോദി- ട്രംപ് കൂടിക്കാഴ്ചയെയും പ്രകീർത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് 'ആരാച്ചാർക്ക് അഹിംസാ അവാർഡോ' ? എന്ന തലക്കെട്ടിൽ വന്ന മുഖപ്രസംഗത്തിൽ പറയുന്നു.
വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. സർക്കാർ വിരുദ്ധവികാരം ആളി കത്തുമ്പോൾ അതിന് ഊർജ്ജം പകരേണ്ടവർ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും വീക്ഷണം വിമർശിക്കുന്നു. എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്ന് വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു. കേരളത്തിലെ കൃഷിക്കും വ്യവസായത്തിനും വെള്ള പുതപ്പിച്ചവർക്ക് പ്രശംസാപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസ അവാർഡ് നൽകും പോലെയാണ്. രാമ സ്തുതികൾ ചൊല്ലേണ്ടിടത്ത് രാവണ സ്തുതി ചൊല്ലുന്നത് വിശ്വാസവിരുദ്ധമാണ്. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam