
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയർന്ന കൊച്ചിയിലെ സംഭവത്തിൽ ഡെത്ത് ഓഡിറ്റ് നടത്തും. സംഭവത്തിൽ മരിച്ചയാളുടെ ശരീരത്തിൽ ഡയോക്സിൻ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബ്രഹ്മപുരം വിഷയത്തിൽ എറണാകുളത്ത് ആരോഗ്യ സർവെ തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. 1567 പേരുടെ വിവര ശേഖരണം നടത്തി. 148 പേർക്ക് പരിശീലനം നൽകി. 1249 പേർ ചികിത്സ തേടിയെന്നും 11 ശ്വാസ് ക്ലിനിക്കുകൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഇന്ന് 68 പേർ ചികിത്സ തേടി. 6 മൊബൈൽ യൂണിറ്റുകളും ചികിത്സാ രംഗത്ത് ഉണ്ട്. ഇന്നലെ രണ്ട് മൊബൈൽ യൂണിറ്റായിരുന്നു. ഇന്നലെ 178 പേർ വൈദ്യസഹായം തേടിയെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരിലും കണ്ണ് ചോറിച്ചിൽ, ശ്വാസകോശ സംബന്ധമായ അസുഖം, ചോറിച്ചിൽ എന്നിവയാണ് ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. അതേസമയം ബ്രഹ്മപുരം തീപിടിത്തം ഉണ്ടായി പത്ത് ദിവസം കഴിഞ്ഞാണ് ജനത്തോട് മാസ്ക് വയ്ക്കാൻ പറഞ്ഞതെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് മന്ത്രി വിശദീകരിച്ചു. എറണാകുളത്ത് എത്തി മാർച്ച് അഞ്ചിന് തന്നെ വാർത്താ സമ്മേളനം നടത്തിയിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്ജ് വീഡിയോ കാണിച്ച് വിശദീകരിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണെന്നും യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam