പക്ഷിപ്പനിക്കെതിരെ കരുതല്‍ വേണം, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : Jan 08, 2023, 11:43 AM IST
പക്ഷിപ്പനിക്കെതിരെ കരുതല്‍ വേണം, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Synopsis

ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.  

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ് ബാധ ഗുരുതരമായ രോഗകാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

രോഗലക്ഷണങ്ങള്‍

ശക്തമായ മേല് വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക. പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി
ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല