'ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായി',ഡോക്ടര്‍ ചെയ്‍തത് സമൂഹത്തോടുള്ള ദ്രോഹമെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Feb 2, 2023, 6:17 PM IST
Highlights

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം. ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെടുക്കും. ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം. ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധനയില്ലാതെ  സർട്ടിഫിക്കറ്റ്  നൽകിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. അമിത് കുമാറിനെ സസ്പെൻഡ്  ചെയ്തു. 

അമിത് കുമാറിന്‍റെ സസ്പെൻഷന് പുറമേ രജിസ്ട്രേഷൻ തൽക്കാലം റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. തട്ടിപ്പ് ബോധ്യപ്പെട്ടാൽ മെഡിക്കൽ കൗൺസിലിനെ അറിയിച്ച് രജിസ്ട്രേഷൻ തൽക്കാലം റദ്ദാക്കുന്ന നടപടി മറ്റ് ഡോക്ടർമാർക്കെതിരെയും ഉണ്ടാകും. ഒത്താശ ചെയ്ത പാസ് വിതരണക്കാരനെ പിരിച്ചുവിടാനാണ് തീരുമാനം. കാർഡ് അനുവദിച്ച ഡോക്ടറുടെ പേരും ബാർകോഡും ഉള്ള വിധത്തിൽ മുഴുവൻ ഹെൽത്ത് കാർഡുകളും ഡിജിറ്റലാക്കും.  ഇതുവരെ നൽകിയ ഹെൽത്ത് കാർഡുകളിൽ മിക്കതും ഇതേരീതിയിൽ അട്ടിമറിക്കപ്പെട്ടിരിക്കാം എന്നതിനാൽ ഇക്കാര്യങ്ങൾ പ്രത്യേകം പരിശോധിക്കും. ജില്ലാതലത്തിൽ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

click me!