ഓടുന്ന കാറിന് തീപിടിച്ചു; ഗർഭിണിയടക്കം മരിച്ചു, സിദ്ദിഖ് കാപ്പൻ മോചിതനായി, തകര്‍ന്ന് അദാനി ; 10 വാര്‍ത്ത

Published : Feb 02, 2023, 05:56 PM IST
ഓടുന്ന കാറിന് തീപിടിച്ചു; ഗർഭിണിയടക്കം മരിച്ചു, സിദ്ദിഖ് കാപ്പൻ മോചിതനായി, തകര്‍ന്ന് അദാനി ; 10 വാര്‍ത്ത

Synopsis

ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ അറിയാം...

തിരുവനന്തപുരം: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചതിന്‍റെ ഞെട്ടലിലാണ് ഇന്ന് കേരളം.  പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കൂടാതെ, 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായ വാര്‍ത്തയും ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പം അദാനിയുടെ തകര്‍ച്ചയും പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായും പ്രധാന വാര്‍ത്തകളാണ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകളാണെന്നുള്ള കണക്കുകളും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ അറിയാം...

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്.

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും നന്ദിയറിയിച്ചു. 

'അദാനി'യിൽ പാർലമെൻറ് പ്രക്ഷുബ്ധം

അദാനി ഗ്രൂപ്പ് ഓഹരി പെരുപ്പിച്ച് കാണിച്ച് വിപണിയിൽ കൃത്രിമം കാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിസേർച്ചിനെ ചൊല്ലി പാർലമെൻറ് പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തിൽ ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യം; കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിന്‍റെ ബന്ധുക്കള്‍ സമീപിച്ചത്.

ജപ്തി ചെയ്തത് പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത്

 പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേർക്കെതിരായ നടപടി പിൻവലിക്കാനാണ് നിർദ്ദേശം.  ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികൾ നിർത്തി വെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. 

ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി

തെരഞ്ഞെടുപ്പടുക്കവേ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി. ഒമ്പത് അംഗ സമിതിയുടെ നേതൃത്ത്വത്തിൽ രാജ്യവ്യാപക പ്രചാരണം ബിജെപി തുടങ്ങി. മുതിർന്നവർക്കും സ്ത്രീകൾക്കും പ്രഖ്യാപിച്ച ഇളവുകളിൽ പ്രത്യേകം പ്രചാരണം വേണം എന്ന നിർദ്ദേശം പാർട്ടി മന്ത്രിമാർക്ക് നല്‍കി.

അദാനി ഗ്രൂപ്പ് തകർച്ചയിൽ; നഷ്ടം 8 21 ലക്ഷം കോടി കടന്നു

അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യത്തിൽ ഇടിവ് വന്നിരുന്നെങ്കിലും എഫ്‌പിഒ ഉപേക്ഷിച്ചത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്. വിപണി മൂലധന നഷ്ടം  100 ബില്യൺ ഡോളറായി.

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനം

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.  2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 

നിയമസഭയില്‍ ചര്‍ച്ചയായി കരുനാഗപ്പള്ളി ലഹരിക്കടത്ത്

ലഹരിക്കടത്ത് നിയമസഭയിൽ. കരുനാഗപ്പള്ളി ലഹരി മരുന്ന് കേസിൽ യുഡിഎഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ കരയിലുള്ള തീവ്ര ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായാണ് മഴ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും