വാക്സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം; കേന്ദ്രത്തിന് കത്തെഴുതി ആരോഗ്യമന്ത്രി

By Web TeamFirst Published Aug 1, 2021, 5:05 PM IST
Highlights

കോവിൻ പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ എഡിറ്റ് ചെയ്യാന്‍ സംസ്ഥാനത്ത് തന്നെ അവസരം നൽകണമെന്നാണ് കത്തിലെ ആവശ്യം.

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. നിലവിൽ മറ്റു രാജ്യങ്ങൾ ആവശ്യപെടുന്ന വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ചേർക്കാൻ പ്രതിസന്ധിയുണ്ട്. അതിനാല്‍, കോവിൻ പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ എഡിറ്റ് ചെയ്യാന്‍ സംസ്ഥാനത്ത് തന്നെ അവസരം നൽകണമെന്നാണ് കത്തിലെ ആവശ്യം.

കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാര്‍ത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങളും കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പല വിവരങ്ങളാണ് ചോദിക്കുന്നത്. അതിനാല്‍ നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് ആസ്ട്രാസെനെക്ക/ ഓക്‌സ്‌ഫഡ് നാമകരണവും ജനന തീയതിയുമുള്ള സര്‍ട്ടിഫിക്കറ്റ് കോവിന്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റിന് മതിയായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള എഡിറ്റ് ഓപ്ഷന്‍ സംസ്ഥാന തലത്തില്‍ നല്‍കണമെന്നും ആരോഗ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പരും ഓക്‌സ്‌ഫഡ്/ ആസ്ട്രാസെനെക്ക എന്നും രേഖപ്പെടുത്താന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള സൗകര്യം കോവിന്‍ പോര്‍ട്ടലില്‍ നേരത്തെ ഇല്ലായിരുന്നു. കൂടാതെ വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് കൂടുതലായതിനാല്‍ പല പ്രവാസികളേയും ബാധിച്ചിരുന്നു. അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടി 2021 മേയ് 21 മുതല്‍, വിദേശത്തേക്ക് പോകുന്ന ആളുകള്‍ക്ക് സംസ്ഥാനം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അതേ വ്യവസ്ഥകള്‍ സ്വീകരിച്ച് ചില മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി. ഈ കാലയളവില്‍ കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ഡേറ്റ രേഖപ്പെടുത്താന്‍ കോവിന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!