
മറയൂര്‍: കടുത്ത വേനലില്‍ മറയൂര്‍ കാന്തല്ലൂരിലെ പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങുകയാണ്. വെള്ളം നനച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് കർഷകർ. കാന്തല്ലൂർ പുത്തൂര്‍ ഭാഗങ്ങളിലെ പച്ചക്കറി കൃഷികളാണ് വേനൽ ചൂടിൽ നശിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തവണ വെളളം നനച്ച് കൊടുത്തിട്ടും കാരറ്റ്, കാബേജ്, ബീന്‍സ് തുടങ്ങിയ കൃഷികൾ വളർച്ച മുരടിച്ചും കരിഞ്ഞുണങ്ങിയും നശിക്കുന്നു. വർധിച്ച ചൂട് മൂലം വെള്ളം പെട്ടെന്ന് വലിഞ്ഞ് മണ്ണിന്‍റെ ഈര്‍പ്പം നഷ്ടമാകുന്നതാണ് കാരണമായി കർഷകർ കരുതുന്നത്.
ശീത കാലാവസ്ഥ വേണ്ട പ്രദേശത്ത് ചൂട് 29 ഡിഗ്രി വരെയാണെത്തിയിരിക്കുന്നത്. ചൂടും കൃഷി നാശവും ഇനിയും വർധിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. വായ്പയെടുത്തും പലിശക്കെടുത്തുമൊക്കെ പണം മുടക്കി ചെയ്ത കൃഷികൾ നശിച്ചാൽ വലിയ കടക്കെണിയിലേക്കാകും അത് കൊണ്ടെത്തിക്കുക എന്നും കർഷകർ പറയുന്നു.