
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മൂന്ന് മാസം ഗർഭിണിയായ യുവതി മരിച്ചു. തക്കല സദേശി സ്നേഹ റാണിയാണ് മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയുടെ മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.
അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട് ഇത്തിരി വെള്ളം താ അമ്മേ എന്ന് മകൾ പറഞ്ഞവെന്നും എന്നാൽ, ആശുപത്രി അധികൃതർ നൽകാനനുവദിച്ചില്ലെന്നും സ്നേഹാറാണിയുടെ അമ്മ പറഞ്ഞു.
33 ദിവസമായി സ്നേഹ റാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളർച്ചയില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഗർഭഛിദ്രം നടത്തേണ്ടി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഇന്നലെ ഗർഭഛിദ്രം നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. ഇന്ന് രാവിലെ തന്നെ മരിച്ചിരുന്നെങ്കിലും വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും ആരോപണമുണ്ട്.