
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയ ജോൺസന് അപകടമുണ്ടാക്കിയ വാഹനം കോട്ടയം അതിരമ്പുഴ സ്വദേശിയുടേതെന്ന് കണ്ടെത്തി. മഹീന്ദ്ര XUV 700 വാഹനമാണ് ജാസ്ലിയയെ ഇടിച്ചത്. സിറിയക് പി ജോർജ് എന്നയാളാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ഈ വാഹനം പൊലീസ് കണ്ടെത്തി. തുറവൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് അങ്കമാലി എസ്എച്ച്ഓ എ രമേഷ് പറഞ്ഞു. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകൾ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പറഞ്ഞു. പ്രതിക്കായി അന്വേഷണം വ്യപാകമാക്കി.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിട്ടു. ഇന്നലെ രാവിലെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്ലിയ യാത്രയാകുന്നത്. അതേസമയം, ജാസ്ലിയയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്. പ്രതികളെ പൊലീസ് പിടികൂടാത്തതിൽ അങ്കമാലി പോലീസ് സ്റ്റേഷനിൽ എത്തി ജാസ്ലിയയുടെ സുഹൃത്തുക്കൾ പ്രതിഷേധിക്കുകയാണ്. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam