പക്വതയില്ലാതെ പിള്ളേ‍രെ ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ട, 'ഹൈന്ദവ കോളേജുകളിൽ' അച്ചടക്കമില്ല: വെള്ളാപ്പള്ളി

By Web TeamFirst Published Aug 28, 2022, 6:06 PM IST
Highlights

സര്‍ക്കാരിൻ്റെ പല നിലപാടുകളിലും ഞങ്ങൾ വിഷമമുണ്ട്.  സർക്കാൽ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടിൽ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്.

കൊച്ചി:  ജെൻഡര്‍ ന്യൂട്രാലിറ്റി വിഷയത്തിൽ  വിമര്‍ശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്ക്കാരം. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകൾക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

സര്‍ക്കാരിൻ്റെ പല നിലപാടുകളിലും ഞങ്ങൾ വിഷമമുണ്ട്.  സർക്കാൽ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടിൽ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരൻ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കളക്ടറാക്കിവച്ചു. അതിൽ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോൾ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോൾ തന്നെ മാറ്റി. ഇത്തരം സംഭവങ്ങൾ നല്ല സന്ദേശമല്ല നൽകുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നിൽക്കരുത്.  

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്കാരമാണ്. നമ്മളാരും അമേരിക്കയിൽ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യൻ,മുസ്ലീം മാനേജ്മെൻ്റിൻ്റെ കോളേജുകളിൽ പോയാൽ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാൻ പറ്റില്ല. എന്നാൽ എൻഎസ്എസിൻ്റേയും എസ്.എൻ.ഡി.പിയുടേയോ കോളേജിൽ പോയാൽ അരാജകത്വമാണ് കാണാൻ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയിൽ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. കൊല്ലത്തെ എസ്.എൻ കോളേജിൽ സമരം നടക്കും എന്നാൽ ഫാത്തിമാ മാതാ കോളേജിൽ സമരമേയില്ല മാനേജ്മെൻ് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജിൽ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റിൽ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്മെൻ്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്നം. 

വിഴിഞ്ഞം സമരത്തിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാൻ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തെരഞ്ഞെടുത്തതിനെ വെള്ളാപ്പള്ളി നടേശൻ അനുമോദിച്ചു. ഗോവിന്ദൻ മാസ്റ്റർ അറിവുള്ള തത്ത്വാചാര്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിൽ മിടുക്കൻമാരുള്ളത് കൊണ്ടാണ് തുടർ ഭരണം കിട്ടിയത്. ആ ഭരണത്തിൻ്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിച്ചതാണ് നിര്‍ണായകമായത്. എന്നാൽ രണ്ടാം മന്ത്രിസഭയിൽ പുതുമുഖങ്ങൾ പ്രാഗത്ഭ്യം കാട്ടുന്നില്ല. പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണ്ടേ എന്നു ചോദിച്ചാൽ കൊടുക്കണം. ഭാവിയിൽ ഒരുപക്ഷേ അവര്‍ മെച്ചപ്പെട്ട് വന്നേക്കും. രാജിവച്ചൊഴിഞ്ഞ സജി ചെറിയാൻ കൊള്ളാവുന്ന മന്ത്രിയായിരുന്നു. കിട്ടിയ വകുപ്പ് അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തെ തിരികെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ കൊളളാവുന്ന നേതാവാണ്. 

ആരോഗ്യവകുപ്പിനെക്കുറിച്ച് ഒരുപാട് ആക്ഷേപമുണ്ട്. മാധ്യമ പ്രവർത്തക എന്ന നിലയിൽ മിടുക്കി ആയിരുന്നുവെങ്കിലും മന്ത്രിയെന്ന നിലയിൽ ആ മിടുക്ക് വന്നിട്ടില്ല. മുൻ മന്ത്രിയുടെ നിലവാരത്തിലേക്ക് എത്തിയിട്ടില്ല - വീണ ജോര്‍ജ്ജിനെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

click me!