
ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശബരിമലയിലെ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ലെന്നും ഇടുക്കിയിലെ മുരിക്കാശ്ശേരിയിൽ വച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങൾ തന്നെ വല്ലാതെ വേട്ടയാടിയെന്നും കുഴപ്പിക്കാൻ നോക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷെ അവരുടെ പണി എന്റെ അടുത്ത് നടക്കില്ല. പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാൻ കാലാ കാലങ്ങളിൽ വന്ന ഒരു സർക്കാരും എസ്എൻഡിപിയെ സഹായിക്കുന്നില്ല. മുസ്ലിംലീഗും കേരള കോൺഗ്രസും വോട്ട് ബാങ്ക് ആയി മാറി. ലീഗിനെ നയിക്കുന്നത് തങ്ങൾമാരാണെങ്കിൽ കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാരാണ്. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി. മതാധിപത്യം വന്നു. മുസ്ലിങ്ങൾ സംഘടിച്ച് ശക്തരായി. അവർ എല്ലാം അവകാശങ്ങളും കൊണ്ടുപോയി. ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത്? മറ്റു പലർക്കും ഇവിടെ ജാതി പറയാം. താൻ പറഞ്ഞാൽ മാത്രം വിവാദമാകും. നീതി പറഞ്ഞാലും ജാതി ആകും. ഇടുക്കിയിൽ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഒരു ഈഴവനെ മാത്രം ആണ് നിർത്തിയത്. സിപിഎം മണി ആശാനെ നിർത്തിയില്ല. നിർത്തിയിരുന്നെങ്കിൽ പുഷ്‌പം പോലെ ജയിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam