
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ളതുമായിരുന്നെന്ന് എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ദോഷൈകദൃക്കുകൾക്ക് പോലും ഈ ചടങ്ങിനെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറഞ്ഞ് കോടതിയിൽ പോകാനാവില്ല. പുതുമുഖങ്ങളടങ്ങുന്ന പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നൽകുന്നതാണ്. കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് മാറി വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മച്ചിപ്പശുവിനെ പിടിച്ച് തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ...
എല്ലാം പുതിയ മന്ത്രിമാരായത് സൂപ്പറായി. വള്ളിനിക്കറിട്ട് രാഷ്ട്രീയത്തിൽ വന്നിട്ട് രാഷ്ട്രീയത്തിൽ നേതാവായി നിക്കണമെന്നുള്ള ശൈലിക്ക് മാറ്റം വരുത്തിയില്ലേ. ആ മാറ്റം എന്നും രാഷ്ട്രീയരംഗത്ത് വരുന്നവർക്ക് ഒരു ശുഭപ്രതീക്ഷയല്ലേ. നാളെ ഞങ്ങൾക്കും ഒരു മന്ത്രിയാവാനൊക്കെ സാധിക്കുമെന്ന പ്രതീക്ഷയല്ലേ അവർക്കത്. അഞ്ച് കൊല്ലം മന്ത്രിയായിക്കഴിഞ്ഞാൽ അവരെ മാറ്റുമെന്നത് ജനങ്ങൾ അംഗീകരിക്കുമെന്നത് തെളിഞ്ഞുകഴിഞ്ഞു. ഒരു മന്ത്രിക്ക് വേണ്ടി വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നത്. കെ കെ ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം ഉള്ളത്. അങ്ങനെയാണെങ്കിൽ മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ. മണിയാശാനെ പൊക്കാനാരുമില്ലല്ലേ. ഏതു മന്ത്രിയുടെയും പുറകിൽ ഒരു ശക്തിയുണ്ട്. അത് ത്യാഗോജ്ജ്വലമായി പ്രവർത്തിക്കുന്ന കുറച്ച് ഉദ്യോഗസ്ഥരാണ്. അവരെപ്പറ്റി ആരും പറയുന്നില്ല. ഉദ്യോഗസ്ഥവൃന്തം പറയുന്നത് കേട്ട് നന്നായി പ്രവർത്തിച്ചാൽ എല്ലാവരും നല്ല മന്ത്രിമാരാകും. ശൈലജ ടീച്ചർ നല്ല മന്ത്രിയായിരുന്നു. പുതുമുഖങ്ങൾ വരട്ടെ, അപ്പോ പുതിയ ഭാവവും രൂപവും ഉണ്ടാകും. അത് രാജ്യത്തിനും ഭരണത്തിനും ഏറെ നന്മ ചെയ്യും.
യുഡിഎഫിൽ എനിക്കിനി യാതൊരു പ്രതീക്ഷയും ഇല്ല. പുതിയ പ്രതിപക്ഷ നേതാവ് വന്നാൽ എങ്ങനെയിരിക്കുമെന്ന് ചോദിച്ചാൽ, മച്ചിപ്പശുവിനെ പിടിച്ച് തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ? അത്രേ ഞാൻ പറയുന്നുള്ളു.
മുഖ്യമന്ത്രി ചടങ്ങിലേക്ക് പ്രത്യേകം വിളിച്ച് വരണമെന്ന് പറഞ്ഞു. വന്നേക്കാമെന്ന് ഞാനും വിചാരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam