
ആലപ്പുഴ: യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കിയായിരുന്നു പ്രതിഭയുടെ പ്രതികരണം. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നായിരുന്നു പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്ന് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിച്ചത്. കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്ന് ആരോപിച്ച പ്രതിഭ ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടാകാൻ കാരണമായി എന്നും കൂട്ടിച്ചേര്‍ത്തിരുന്നു. യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവർത്തിച്ചു. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതിപ്രവർത്തനം നടന്നിട്ടുണ്ടെന്നും ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതിഭയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam