
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണമെന്ന് സർക്കർ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമർശനം. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി വിജിലൻസ് അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നുവരെ കുറ്റപ്പെടുത്തി. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വാദം കേൾക്കണമെന്ന് അറിയിച്ചു. ഇതോടെ, പ്രോസിക്യൂഷൻ അനുമതി വേണോ എന്നതിൽ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹർജി കോടതി മാറ്റിവെച്ചു.
നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി പി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam