
ആലപ്പുഴ: എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. വിധി തിരിച്ചടി അല്ലെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യം പോലെ വ്യാഖ്യാനിക്കേണ്ടവർക്ക് വ്യാഖ്യാനിക്കാമെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്തി നിരപരാധിയാണെന്ന് തെളിയിക്കാൻ സാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി എസ് എൻ ഡി പിയിലും ട്രസ്റ്റിലും മത്സരിക്കുന്നതിന് തടസമില്ലെന്നും അഭിപ്രായപ്പെട്ടു. കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കുന്നത് വരെ തനിക്ക് എസ് എൻ ഡി പിയിലും ട്രസ്റ്റിലും മത്സരിക്കാമെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വിചാരണ നേരിടണമെന്നത് മത്സരിക്കുന്നതിന് തടസ്സമല്ലെന്നും കൂട്ടിച്ചേർത്തു. കോടതിയെ ഞാൻ കുറ്റം പറയില്ലെന്നും എസ് എൻ ട്രസ്റ്റിന് ലാഭം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് താനെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അതേസമയം വെള്ളാപ്പള്ളി പ്രതിയായ എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇന്ന് ഉത്തരവിട്ടത്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയായിരുന്നു കോടതിയുടെ നടപടി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി ജെ എം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
1998 ൽ എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. 1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി. കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്‍റും , ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam