
കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം. വി ഡി സതീശന്‍റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും വെള്ളപ്പള്ളി ആവർത്തിച്ചു. താൻ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam