ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ഇടനിലക്കാരി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : Dec 18, 2022, 05:16 PM ISTUpdated : Dec 18, 2022, 05:21 PM IST
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ഇടനിലക്കാരി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

Synopsis

പല ഉദ്യോഗാർത്ഥികളിൽ നിന്നായി പ്രതികള്‍ ഒന്നരക്കോടി രൂപ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ചെന്ന് വെഞ്ഞാറമൂട് പൊലീസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായർ അറസ്റ്റിൽ. തട്ടിപ്പിനിരയായവര്‍ പണം കൈമാറിയ ദിവ്യ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്. 

ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തും എന്നാണ് പൊലീസ് കരുതുന്നത്. ടൈറ്റാനിയം എജിഎം ശശി കുമാരൻ തമ്പിക്ക് തട്ടിപ്പിലുള്ളത് നിർണ്ണായക പങ്കാണ്. ദിവ്യ പണം വാങ്ങും മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ടൈറ്റാനിയത്തിലെത്തിക്കുന്ന ഉദ്യോഗാർത്ഥികളെ ഇന്‍റര്‍വ്യൂ നടത്തുന്നത് എജിഎം ശശികുമാരൻ തമ്പിയാണ്. ഇന്‍റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്‍റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. 

ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്‍റര്‍വ്യൂ നടത്തിയതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയം തോന്നിയിരുന്നില്ല. ശശി കുമാരൻ തമ്പിക്കെതിരായ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് നടപടിയെടുക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പിന്നീട് പരാതിയുമായി വന്ന അഞ്ചുപേരില്‍ ആരുടേയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നല്‍കിയ ചെക്കും പ്രോമിസറി നോട്ട് അടക്കമുള്ള നിര്‍ണായക തെളിവുകള്‍ പൊലീസ് പൂഴ്ത്തിവെച്ചതായും ആരോപണമുണ്ട്. 

ഇതടക്കമുള്ള കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പരാതിക്കാരി ഡിസിപിക്ക് പരാതി കൊടുത്തതോടെയാണ് കേസിന് ജീവന്‍ വെച്ചത്. ഡിസിപി ഈ കേസ് പ്രത്യേക ഉത്തരവിറക്കി പൂജപ്പുര പൊലീസിന് കൈമാറിയിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പണം കൈമാറുന്നതിന്‍റെ വീഡിയോയും ചാറ്റും ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാ തെളിവുകളുമായിട്ടാണ് പൊലീസിനെ സമീപിച്ചത്. എന്നിട്ടും കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി എടുക്കാതിരുന്നത് ഉന്നതങ്ങളിലെ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന. 
 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ