'ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു', തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

By Web TeamFirst Published Dec 18, 2022, 4:23 PM IST
Highlights

സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം പറഞ്ഞു. ബഫര്‍ സോണിൽ ഉപഗ്രഹ സര്‍വേ വിവരങ്ങൾ അതേപടി സുപ്രീകോടതിയിൽ നൽകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ട് അന്തിമമല്ല, വിശദമായ പഠനം നടത്തി മാത്രമേ അന്തിമ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കു. വസതുതകൾ ചൂണ്ടിക്കാട്ടാൻ ജനങ്ങൾക്ക് അവസരം നൽകിയും പരാതി പരിഹരിക്കുന്നതിന് വേണ്ടത്ര സമയം നൽകിയും മാത്രമേ തുടര്‍ നടപടി ഉണ്ടാകു എന്നാണ് വനം മന്ത്രിയുടെ ഉറപ്പ്. അടിയന്തരമായി മാന്വൽ സര്‍വേ നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബഫർസോണിൽ വീണ്ടും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ സമരങ്ങളുടെ മുന്നില്‍ നിന്ന താമരശേരി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്.  ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവര്‍ക്ക് മാപ്പില്ല. അപാകതകള്‍ നിറ‍ഞ്ഞ സര്‍വേ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. ആദ്യ ഘട്ടമായി നാളെ ബഫര്‍സോണ്‍ ഭീഷണി നിലനില്‍ക്കുന്ന കൂരാച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര മേഖലകളില്‍ കര്‍ഷക അതിജീവിന സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കും. ഓഗസ്റ്റില്‍ തന്നെ ഉപഗ്രഹ സര്‍വേ പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതില്‍ വനം വകുപ്പ് ഉന്നതരുടെ ഗൂഡാലോചനയുണ്ടെന്നാണ് സഭയുടെ ആരോപണം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്ക് മുന്നില്‍ ബഫര്‍ സോണ്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരമാവധി എത്തിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഹെല്‍പ് ഡസ്കുകള്‍ രൂപീകരിച്ച് പരാതികള്‍ സ്വീകരിക്കും.

tags
click me!